തിരഞ്ഞെടുപ്പിന് മുന്‍പ് എന്തിനാണ് സൗജന്യങ്ങള്‍ നല്‍കുന്നത്; ഇത് എന്തുതരം സംസ്‌കാരം?: സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

തിരഞ്ഞെടുപ്പിന് മുന്‍പ് എന്തിനാണ് സൗജന്യങ്ങള്‍ നല്‍കുന്നത്; ഇത് എന്തുതരം സംസ്‌കാരം?: സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാരുകള്‍ സൗജന്യങ്ങള്‍ നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. തമിഴ്നാട് സര്‍ക്കാര്‍ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്നാട് വൈദ്യുതി വിതരണ കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് തമിഴ്നാട് സര്‍ക്കാരിനെയും വിവിധ സംസ്ഥാന സര്‍ക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചത്.

സൗജന്യ വിതരണം തുടരുമ്പോള്‍ രാജ്യത്തിന്റെ വികസനം നാം തടസപ്പെടുത്തുകയാണെന്ന് പറഞ്ഞ കോടതി ഈ ട്രെന്‍ഡ് എത്രകാലം നീണ്ടു നില്‍ക്കുമെന്ന് ചോദിച്ചു. സൗജന്യ ഭക്ഷണവും സൗജന്യ വൈദ്യുതിയും സൗജന്യമായി സൈക്കിളും നല്‍കി എന്തുതരം സംസ്‌കാരമാണ് നിങ്ങളിവിടെയുണ്ടാക്കുന്നതെന്ന് തമിഴ്നാട് സര്‍ക്കാരിനോട് കോടതി ചോദിച്ചു.

'വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ക്ഷേമ സംവിധാനമൊരുക്കി നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍ താങ്ങാനാകുന്നവര്‍ക്കും കഴിയാത്തവര്‍ക്കും തമ്മില്‍ വേര്‍തിരിവില്ലാതെ നിങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയാല്‍ അത് പ്രീണനമല്ലേ?'- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പെട്ടെന്ന് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത് തങ്ങള്‍ കണ്ടിരുന്നെന്നും സൗജന്യമായി പണം നല്‍കിയാല്‍ ആളുകള്‍ തൊഴിലെടുക്കുമോയെന്ന് കോടതി ആരാഞ്ഞു. റവന്യു മിച്ചമുള്ള സംസ്ഥാനമാണെങ്കില്‍ ആ തുക സംസ്ഥാനത്തെ ആകെ ജനങ്ങളുടെ വികസനത്തിനും റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കായി ചെലവഴിക്കേണ്ടത് നിങ്ങളുടെ ചുമതലയല്ലേ?

അതിനുപകരം തിരഞ്ഞെടുപ്പ് സമയമടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം മറ്റ് വിഭവങ്ങള്‍ എന്നിവ നല്‍കുന്നു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.