കല്‍പറ്റ: മുണ്ടക്കൈ ചുരല്‍മല പ്രകൃതി ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മിക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി.
25 ന് വൈകുന്നേരം നാലിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും നിര്‍വഹിക്കും. 410 വീടുകളുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്.
ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയായാണ് കെട്ടിടങ്ങള്‍. ഭാവിയില്‍ ഇവ ഇരുനില കെട്ടിടമാക്കി മാറ്റാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ അടങ്ങിയതാണ് വീടുകള്‍.
ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം അംഗങ്ങളുണ്ടാകും. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും.
പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 2025 മാര്‍ച്ച് 27 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടത്.
25 ന് നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആര്‍. കേളു, റോഷി അഗസ്റ്റിന്‍, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേഷ്‌കുമാര്‍, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.