വാഷിങ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ നടത്തിയ ലൈംഗിക അതിക്രമങ്ങളെയും മാനസിക പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിതമാരില്‍ ഒരാള്‍.
റീന ഓ എന്ന സ്ത്രീയാണ് ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എപ്സ്റ്റീന്റെ ക്രൂരതകള്‍ എങ്ങനെയൊക്കെയായിരുന്നുവെന്ന് തുറന്നു പറഞ്ഞത്. തനിക്ക് 21 വയസുള്ളപ്പോഴാണ് 47 കാരനായ എപ്സ്റ്റീന്‍ തന്നെ ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്ന് റീന പറഞ്ഞു.
റീന ഓയുടെ വാക്കുകള്‍:
'ആദ്യം എന്നെ ഒരുപാട് പുകഴ്ത്തി പറയുമായിരുന്നു. പക്ഷേ കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് അയാള്‍ മനപൂര്‍വ്വം എന്നെ മാനസികമായി തകര്‍ക്കാന്‍ തുടങ്ങി. എന്നെ ബോഡി ഷെയിമിങ് ചെയ്ത് അധിക്ഷേപിച്ചു. ഞാന്‍ എന്തുചെയ്യണം, എന്റെ ശരീരം എങ്ങനെയിരിക്കണമെന്നൊക്കെ അയാള്‍ തീരുമാനിക്കാന്‍ തുടങ്ങി.
ഏറ്റവും സങ്കടകരമായ കാര്യം എനിക്ക് 21 വയസുള്ളപ്പോള്‍ അയാള്‍ എന്നെ നോക്കി നീയൊരു കിളവിയായി പോയെന്ന് ആവര്‍ത്തിച്ച് പറയുമായിരുന്നു. അന്ന് അയാള്‍ക്ക് 47 വയസായിരുന്നു പ്രായം. ആ പ്രായത്തിലുള്ള ഒരാള്‍ ഇരുപത്തൊന്നുകാരിയായ ഒരു പെണ്‍കുട്ടിയോട് നീ പ്രായം കൂടിയവളാണെന്ന് പറയുന്നത് എത്രത്തോളം ഭയാനകമാണെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേയുള്ളൂ.
എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ ഒരു മുതിര്‍ന്ന വ്യക്തിയുടെ പീഡനത്തിന് ഇരയായിരുന്നു. പണ്ടേ ഒന്നിനോടും പ്രതികരിക്കാത്ത, മിണ്ടാതിരിക്കുന്ന ഒരാളായിരുന്നു ഞാന്‍.
അതുകൊണ്ട് എന്നെ ഉപദ്രവിക്കുമ്പോള്‍ അത് പീഡനമാണെന്നുപോലും അന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആരെയും വിശ്വസിക്കുന്ന പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു ഞാന്‍. എന്റെ ഉള്ളിലെ ആ മുറിവുകള്‍ ജെഫ്രി തിരിച്ചറിഞ്ഞു. അത് അയാള്‍ മുതലെടുക്കുകയായിരുന്നു.
ഫ്ളോറിഡയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാര്യങ്ങള്‍ അങ്ങേയറ്റം ഭയാനകമായത്. അയാളുടെ ഏറ്റവും ഡാര്‍ക്കായ ചില രഹസ്യങ്ങള്‍ എന്നോട് പറഞ്ഞു. ആ രഹസ്യം ഞാന്‍ കൂടെയുള്ള മറ്റൊരു പെണ്‍കുട്ടിയോട് പറഞ്ഞപ്പോള്‍ അവളത് അയാളോട് പോയി പറഞ്ഞു. അതോടെ എപ്സ്റ്റീന്‍ എന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എനിക്ക് രക്ഷപ്പെടാന്‍ തോന്നിയാല്‍ പോലും ഒന്നിനും കഴിയാത്ത അവസ്ഥയായി.
എന്നെ ഉപദ്രവിക്കാന്‍ വേണ്ട എല്ലാ വിവരങ്ങളും അയാളുടെ കൈവശമുണ്ടായിരുന്നു. എന്റെ സ്ഥിര താമസത്തിനുള്ള രേഖകള്‍ അന്ന് ശരിയായിരുന്നില്ല. വാഷിങ്ടണിലെ എല്ലാവരെയും തനിക്ക് അറിയാമെന്നും ഒരു ഫോണ്‍ കോളിലൂടെ എന്ത് വേണമെങ്കിലും ചെയ്യാമെന്നും അയാള്‍ പറഞ്ഞിരുന്നു. ഞാന്‍ മിണ്ടിയാല്‍ എന്നെയും എന്റെ മാതാപിതാക്കളെയും അയാള്‍ ഇല്ലാതാക്കുമെന്ന് എനിക്കറിയാം. കാരണം അയാളുടെ ആളുകള്‍ എന്നെ എപ്പോഴും പിന്തുടരുന്നുണ്ടായിരുന്നു.
അവസാനമായി കണ്ടപ്പോള്‍ അയാള്‍ എന്നോട് ഭയങ്കര വയലന്റായിരുന്നു. അതോടെ അയാളെ കാണുന്നത് ഞാന്‍ നിര്‍ത്തി. പിന്നെ ഒരിക്കലും അങ്ങോട്ട് പോയില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ലായിരുന്നു. പക്ഷേ അപ്പോഴൊന്നും ഈ കാര്യങ്ങള്‍ പുറത്തു പറയാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.
ആന്‍ഡ്രൂ രാജകുമാരനെതിരെയുള്ള ഇപ്പോഴത്തെ വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ സമയമായെന്ന് എനിക്ക് തോന്നി. പഴയ രാജകുടുംബാംഗമാണെങ്കിലും അയാള്‍ക്ക് ഈ കാര്യങ്ങളില്‍ മറുപടി പറഞ്ഞേ മതിയാകൂ. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നുറങ്ങിയ ഒരു ക്രിമിനലിന്റെ കൂടെ ഇത്രയും കാലം അയാള്‍ എന്ത് ചെയ്യുകയായിരുന്നു? രാജകുടുംബത്തില്‍പ്പെട്ട ഒരാള്‍ക്കെതിരെ ഇങ്ങനെയൊരു നടപടി വരുന്നത് മറ്റുള്ളവര്‍ക്കും ഒരു പാഠമായിരിക്കും.
അതിജീവിച്ചവരോട് എനിക്ക് പറയാനുള്ളത്... ലോകം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നതാണ്. നിങ്ങള്‍ ശക്തരായിരിക്കണം. ആരെയും പേടിക്കരുത്. ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നമുക്ക് ഇതില്‍ പൂര്‍ണമായ സുതാര്യത വേണം. ഈ സംഘടിത കുറ്റകൃത്യത്തില്‍ പങ്കെടുത്ത ഓരോരുത്തരും ശിക്ഷിക്കപ്പെടും. നമ്മള്‍ അവരെയെല്ലാം പിടികൂടും' - റീന അഭിമുഖത്തില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.