കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ചയോടെ; മുരളീധരനും ബല്‍റാമും പ്രതാപനും സീറ്റുറപ്പിച്ചു

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ചയോടെ; മുരളീധരനും ബല്‍റാമും പ്രതാപനും സീറ്റുറപ്പിച്ചു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനും തൃത്താലയില്‍ വി.ടി. ബല്‍റാമും മണലൂരില്‍ ടി.എന്‍. പ്രതാപനും സ്ഥാനാര്‍ത്ഥികളാകും എന്നുറപ്പായി. ഇതു സംബന്ധിച്ച നിര്‍ദേശം ഇവര്‍ക്കു ലഭിച്ചതായാണ് വിവരം.

ഇതോടൊപ്പം 30 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ധാരണയായി. പ്രഖ്യാപനം ഉടനുണ്ടാകും. സിറ്റിങ് എംഎല്‍എമാര്‍ മത്സര രംഗത്തുണ്ടാകും. കൂടാതെ സംവരണ മണ്ഡലങ്ങള്‍ അടക്കം തര്‍ക്കമില്ലാത്ത സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും ഇതോടൊപ്പം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

സിറ്റിങ് എംഎല്‍എമാര്‍ അല്ലാത്ത ചില മുതിര്‍ന്ന നേതാക്കളും ആദ്യഘട്ട പട്ടികയിലുണ്ടാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ അടുത്ത ആഴ്ചയോടെ ആദ്യഘട്ട പട്ടിക പുറത്തിറക്കാനാണ് നീക്കം. പുതുയുഗ യാത്രയ്ക്ക് ശേഷമാകും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുക.

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് നേരത്തേ എഐസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരിക്കാനുള്ള താല്‍പര്യം പല എംപിമാരും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എംപിമാര്‍ മത്സരത്തിനിറങ്ങിയാല്‍ പരക്കേ ആക്ഷേപത്തിന് ഇടയാക്കുമെന്ന ആശങ്ക ഹൈക്കമാന്‍ഡിനുണ്ട്. മാത്രമല്ല വിജയിച്ചാല്‍ ആ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായും വരും. അതിലുപരിയായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടിലും എംപിമാരെ പരിഗണിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.