സവാന: ക്രൈസ്തവ വിശ്വാസത്തിനും വിവാഹമെന്ന കൂദാശയുടെ പവിത്രതയ്ക്കുമായി നിലകൊള്ളുകയും അതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അഞ്ച് ഫ്രാൻസിസ്കൻ സന്യാസിമാരെ ഒക്ടോബറിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. "ജോർജിയ രക്തസാക്ഷികൾ" എന്നറിയപ്പെടുന്ന ഈ മിഷനറിമാരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഒക്ടോബർ 31 ന് അമേരിക്കയിലെ ജോർജിയയിലുള്ള സവാനയിൽ വെച്ച് നടക്കും.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജോർജിയയിലെ തദേശീയരായ ഗൗൾ ജനതയ്ക്കിടയിൽ സുവിശേഷ വേല ചെയ്തിരുന്നവരായിരുന്നു ഈ സന്യാസിമാർ. ബഹുഭാര്യത്വം നിലനിന്നിരുന്ന ആ നാട്ടിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജുവാനില്ലോ എന്ന നേതാവ് രണ്ടാമതൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ ഫാ. പെഡ്രോ ഡി കോർപ അതിനെ ശക്തമായി എതിർത്തു. ക്രിസ്തീയ ധാർമ്മികതയ്ക്ക് വിരുദ്ധമായ ഈ പ്രവൃത്തിയെ എതിർത്തതാണ് ജുവാനില്ലോയെ പ്രകോപിപ്പിച്ചത്.
തുടർന്ന് 1597 സെപ്റ്റംബർ 14 മുതൽ 17 വരെയുള്ള തീയതികളിൽ അഞ്ച് മിഷനറിമാരെയും ജുവാനില്ലോയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി കൊലപ്പെടുത്തി. ചിലരെ മർദിച്ചും ചിലരെ അമ്പെയ്തുമാണ് ഇവർ രക്തസാക്ഷികളാക്കിയത്. പെഡ്രോ ഡി കോർപ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവൽ ഡി ആനോൺ, അന്റോണിയോ ഡി ബഡാജോസ്, ഫ്രാൻസിസ്കോ ഡി വെരാസ്കോള എന്നിവരെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത്.
വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം കാനഡയിലെ ടൊറന്റോ അതിരൂപതാ കർദ്ദിനാൾ ഫ്രാൻസിസ് ലിയോയാണ് പ്രഖ്യാപന ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. 1950 ൽ ആരംഭിച്ച നാമകരണ നടപടികൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂർത്തിയാകുന്നത്. ഇവരുടെ ജീവിതത്തെ ആസ്പദമാക്കി 2024 ൽ പുറത്തിറങ്ങിയ "ഫോർ ദി സേക്ക് ഓഫ് ദി ഗോസ്പൽ" എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.