ഭാഷാഭേദങ്ങൾക്കപ്പുറം വചനത്തിന്റെ മാധുര്യം; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആരാധനക്രമങ്ങൾ ഇനി 60 ഭാഷകളിൽ തത്സമയം

ഭാഷാഭേദങ്ങൾക്കപ്പുറം വചനത്തിന്റെ മാധുര്യം; സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആരാധനക്രമങ്ങൾ ഇനി 60 ഭാഷകളിൽ തത്സമയം

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വിശ്വാസികളെയും തീർത്ഥാടകരെയും കത്തോലിക്കാ സഭയുടെ ഹൃദയത്തോട് കൂടുതൽ ചേർത്തുനിർത്താൻ വത്തിക്കാൻ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ആരാധനാക്രമങ്ങളും പ്രാർത്ഥനകളും ഇനി മുതൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ 60 ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്യപ്പെടും. സഭയുടെ സാർവത്രിക സ്വഭാവം ഉയർത്തിപ്പിടിക്കുന്ന ഈ വിപ്ലവകരമായ പദ്ധതി അടുത്തു തന്നെ പ്രവർത്തനക്ഷമമാകും.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തുന്ന തീർത്ഥാടകർക്ക് ഭാഷാപരമായ തടസങ്ങളില്ലാതെ പ്രാർത്ഥനകളിൽ പങ്കുചേരാം. പ്രത്യേക ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല.

സ്വന്തം മൊബൈൽ ബ്രൗസറിലൂടെ തന്നെ വിവർത്തനം ലഭ്യമാകും. ബസിലിക്കയിലെ പ്രവേശന കവാടങ്ങളിലും പ്രധാന ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള QR കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ ഓഡിയോ ആയോ ടെക്സ്റ്റ് ആയോ വിവർത്തനം ലഭിക്കും.

വായനകൾ, ഗാനങ്ങൾ, പ്രാർത്ഥനകൾ എന്നിവയെല്ലാം തത്സമയം തന്നെ വിശ്വാസികൾക്ക് സ്വന്തം ഭാഷയിൽ മനസ്സിലാക്കാൻ സാധിക്കും. ഡികാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ 'ട്രാൻസ്ലേറ്റഡ്' എന്ന സാങ്കേതിക കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ബസിലിക്കയുടെ ആർച്ച്‌ പ്രീസ്റ്റ് കർദിനാൾ മൗറോ ഗാംബെറ്റിയാണ് ഈ സംരംഭം അവതരിപ്പിച്ചത്. "എല്ലാ ജനതകളെയും ഭാഷകളെയും നൂറ്റാണ്ടുകളായി ഈ ബസിലിക്ക സ്വാഗതം ചെയ്തിട്ടുണ്ട്. ആരാധന ക്രമത്തിലെ വാക്കുകൾ ഹൃദയപൂർവ്വം മനസിലാക്കാൻ വിശ്വാസികളെ സഹായിക്കുന്നതിലൂടെ സഭയുടെ വലിയൊരു ദൗത്യമാണ് ഞങ്ങൾ പൂർത്തിയാക്കുന്നത്." - കർദിനാൾ മൗറോ ഗാംബെറ്റി പറഞ്ഞു.

നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസ പാരമ്പര്യത്തെ അത്യാധുനിക സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കി തീർത്ഥാടകർക്ക് കൂടുതൽ ആത്മീയമായ അനുഭവം നൽകാനാണ് വത്തിക്കാൻ ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.