ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങളെ ആശങ്കയിലാഴ്ത്തി ഡി.ആര്‍.ഡി.ഒയുടെ അതീവ പ്രാധാന്യമുള്ള ഗവേഷണ രേഖകള്‍ ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ടു. മിസൈല്‍ സാങ്കേതിക വിദ്യയും പ്രമുഖ ശാസ്ത്രജ്ഞരുടെ അനുമതി പത്രങ്ങളും ഉള്‍പ്പെടുന്ന 31 ജി.ബി വരുന്ന നിര്‍ണായക വിവരങ്ങളാണ് അന്താരാഷ്ട്ര തലത്തിലുള്ള ഡാര്‍ക്ക് വെബ് വിപണിയില്‍ 8000 ഡോളറിന് വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ സുരക്ഷാ പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തിരുവനന്തപുരത്തെ അലിബൈ ഗ്ലോബല്‍ ത്രെട്ട് ഇന്റലിജന്‍സ് ഗ്രൂപ്പ് ആണ് ഈ അടിയന്തര ഭീഷണി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവരം രഹസ്യാന്വേഷണ ഏജന്‍സികളെയും മറ്റ് സുരക്ഷാ വിഭാഗങ്ങളെയും അറിയിച്ചു. സാമ്പിളുകളായി മൂന്ന് പേജുകള്‍ പുറത്തുവിട്ടിട്ടുള്ള ഡാറ്റയില്‍ മിസൈല്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള പ്രതിരോധ പദ്ധതികളുടെ വിവരങ്ങളും മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ അനുമതി പത്രങ്ങളും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ക്രിപ്റ്റഡ് ഹാന്‍ഡ്‌ലറുകള്‍ ഉപയോഗിച്ചാണ് ഈ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുറത്തുവന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നിലവില്‍ വിപുലമായ ഫോറന്‍സിക് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ കൂടംകുളം ആണവ നിലയത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട വേള്‍ഡ് ലീക്സ് എന്ന റാന്‍സംവേര്‍ സംഘത്തിന്റെ സാന്നിധ്യവും ഇതിന് പിന്നിലുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരുന്നു.
അതീവ സുരക്ഷിതമായ പ്രതിരോധ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ തുളച്ചുകയറി ഇത്തരമൊരു വിവരച്ചോര്‍ച്ച നടന്നിട്ടുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.