വാഷിങ്ടൺ: ഇറാനെതിരായ യു.എസ് ആക്രമണങ്ങളിൽ അയവ് വന്നതിന് പിന്നാലെ പ്രത്യാക്രമണങ്ങൾ നിർത്തിവച്ചതായി ഇറാൻ സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് രാത്രികളായി അമേരിക്കൻ സൈന്യം ആക്രമണങ്ങൾ നിർത്തിവച്ച സാഹചര്യത്തിലാണ് തങ്ങളും പ്രതികാര നടപടികൾ താൽക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് ഇറാൻ സൈനിക വക്താവ് അമീർ അക്രാമിനിയ അറിയിച്ചു. തങ്ങളുടെ തന്ത്രം അടിസ്ഥാനപരമായി പ്രത്യാക്രമണം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ രണ്ടാഴ്ചയോളമായി തുടർച്ചയായി നടത്തിവന്ന വ്യോമാക്രമണങ്ങൾക്ക് യു.എസും താൽക്കാലിക വിരാമമിട്ടിരിക്കുകയാണ്. ഇറാനെതിരെ പുതിയ സൈനിക നടപടികൾ വെള്ളിയാഴ്ച വേണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 13 ദിവസമായി ഇറാനു നേരെ തുടർച്ചയായ ആക്രമണങ്ങൾക്ക് അനുമതി നൽകിയിരുന്ന ട്രംപ് വെള്ളിയാഴ്ചത്തെ പദ്ധതിയോട് വിമുഖത കാണിക്കുകയായിരുന്നു. എന്നാൽ ആക്രമണം നിർത്തിവച്ചത് താൽക്കാലികമാണോ അതോ യു.എസ് നയത്തിൽ വന്ന വലിയൊരു മാറ്റത്തിന്റെ ഭാഗമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല.
വലിയ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങാതെ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ അവസരം നൽകാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നാണ് 'ആക്സിയോസ്' റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് വേണമെങ്കിൽ ആക്രമണങ്ങൾ ശക്തമായി തുടരാമെന്നും അവരുടെ പക്കലുള്ളതെല്ലാം തകർക്കാൻ സാധിക്കുമെന്നും വൈറ്റ് ഹൗസിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇറാനുമായി ഒരു ധാരണയിലെത്തുന്നതാണ് ബുദ്ധിപരമായ തന്ത്രമെന്നും അദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയുള്ളതായി ഇറാൻ വ്യക്തമാക്കി. കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്ക ആക്രമണങ്ങൾ പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് പുതിയ ചർച്ചകൾക്ക് തുടക്കമായത്.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിന് ഇരു രാജ്യങ്ങളുടെയും പരമാധികാര അവകാശങ്ങളെ മാനിച്ചുകൊണ്ടുള്ള പൊതുവായ തത്വങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി അറിയിച്ചു. ചർച്ചകളിൽ ഇതിനകം തന്നെ നല്ല പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.