"ഇറാനെ സ്വതന്ത്രമാക്കും, ഭീകര ഭരണകൂടം ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കും"; ട്രംപിൻ്റേത് ചരിത്രപരമായ നേതൃത്വമെന്ന് നെതന്യാഹു


ടെൽ അവീവ്: ഇറാനെതിരായ സംയുക്ത സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ യുഎസിന് നന്ദിയറിയിച്ചും ഇറാൻ ഭരണകൂടത്തെ കടന്നാക്രമിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ തീവ്രവാദ ഭരണകൂടമായ ഇസ്ലാമിക് റിപ്പബ്ലിക് ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കുമെന്നും ഈ സൈനിക നടപടി ഇറാൻ ജനതയ്ക്ക് കൂടി വേണ്ടിയാണെന്നും നെതന്യാഹു പറഞ്ഞു. സ്വതന്ത്രവും സമാധാനപരവുമായ ഇറാൻ സ്ഥാപിക്കപ്പെടേണ്ട സമയം അതിക്രമിച്ചെന്നും നെതന്യാഹു പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

"ഇറാനിലെ ഭീകര ഭരണകൂടം ഉയർത്തുന്ന അസ്തിത്വ ഭീഷണി ഇല്ലാതാക്കാൻ ഇസ്രയേലും യുഎസും ഒരു ഓപ്പറേഷൻ ആരംഭിച്ചിട്ട് കുറച്ചുനാളായി. നമ്മുടെ മഹാനായ സുഹൃത്ത് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ചരിത്രപരമായ നേതൃത്വത്തിന് ഞാൻ നന്ദി പറയുന്നു. 47 വർഷമായി ആയത്തുള്ള അലി ഖൊമേനി ഇസ്രയേലി-യുഎസ് ഭരണകൂടങ്ങളും അന്ത്യത്തിനായി മുറവിളി കൂട്ടുന്നു. ഇസ്രയേലികളുടെയും അമേരിക്കക്കാരുടെയും ഇറാനുകാരായ സ്വന്തം പൗരന്മാരുടെയും രക്തമൊഴുക്കുകയാണ് അവർ ചെയ്തത്," നെതന്യാഹു പറഞ്ഞു.

"ഈ കൊലപാതകികളായ ഭീകര ഭരണകൂടത്തെ, മുഴുവൻ മനുഷ്യരാശിയെയും ഭീഷണിപ്പെടുത്താൻ പ്രാപ്തമാക്കുന്ന ആണവായുധങ്ങൾ കൈവശപ്പെടുത്താൻ അനുവദിക്കരുത്. ഈ സംയുക്ത സൈനിക നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കൈകളിലേക്ക് ഏറ്റെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കും," നെതന്യാഹു വിമർശിച്ചു.

"ഇസ്രയേൽ പൗരന്മാർ എല്ലാവരും ഹോം ഫ്രണ്ട് കമാൻഡിൻ്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥിക്കുന്നു. വരും ദിവസങ്ങളിൽ, ഓപ്പറേഷൻ 'റോർ ഓഫ് ദി ലയൺ' പുരോഗമിക്കുമ്പോൾ നാമെല്ലാവരും ക്ഷമയും മനക്കരുത്തും പ്രകടിപ്പിക്കേണ്ടതുണ്ട്. നമ്മൾ ഒരുമിച്ച് നിൽക്കും, ഒരുമിച്ച് പോരാടും, ഒരുമിച്ച് ഇസ്രയേലിൻ്റെ ഭാവി ഉറപ്പാക്കും," അദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഇറാനെതിരെ ഉടൻ സൈനിക നീക്കമുണ്ടാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രാവിലെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.