തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ വിവിധ ക്രൈസ്തവസഭാ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മേല്‍നോട്ട സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നു. ഇതിനോട് യോജിച്ച മുഖ്യമന്ത്രി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. ക്രൈസ്തവര്‍ക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ആനുകൂല്യം നല്‍കണമെന്ന് ജെ.ബി. കോശി കമ്മിഷന്റെ റിപ്പോര്‍ട്ടിലുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സംവരണേതര വിഭാഗമെന്നാണ് വിളിക്കേണ്ടത്. സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ക്രൈസ്തവര്‍ക്കും ആനുപാതിക പ്രാതിനിധ്യം നല്‍കണമെന്നും ശുപാര്‍ശ ചെയ്തു.
മറ്റ് പ്രധാന ശുപാര്‍ശകള്‍
കമ്യൂണിറ്റി ക്വാട്ടയില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്.
മലയോര-തീര മേഖലകളില്‍ ഉന്നത വിദ്യാഭ്യാസ, പ്രൊഷണല്‍ കോഴ്സ്, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങണം.
സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റിലെ 20 ശതമാനം കമ്യൂണിറ്റി ക്വാട്ടയാക്കണം. ബാക്കി 50 ശതമാനത്തിലെ 30 ശതമാനം പൊതു കമ്യൂണിറ്റി ക്വാട്ടയും 20 ശതമാനം മാനേജിങ് കമ്യൂണിറ്റിയുടെ പ്രത്യേക മാനേജ്മെന്റ് ക്വാട്ടയുമാക്കണം.
പട്ടികവിഭാഗ സംവരണത്തില്‍ ആളില്ലെങ്കില്‍ അത് ജനറല്‍ മെറിറ്റില്‍ യോജിപ്പിക്കാതെ എസ്.സി.സി.സി.ക്ക് നല്‍കണം. അവരും ഇല്ലെങ്കില്‍ മറ്റ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കണം
രണ്ട് ലക്ഷത്തില്‍ ത്താഴെ വാര്‍ഷിക വരുമാനമുള്ള മാതാപിതാക്കളില്ലാത്ത ക്രിസ്ത്യന്‍ കുട്ടികള്‍ക്കും പിതാവ് മരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ക്രൈസ്തവ കര്‍ഷകരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കണം.
ഓര്‍ഫനേജുകള്‍ക്കുള്ള സഹായം 1600 രൂപയാക്കണം
മദ്രസ അധ്യാപക ക്ഷേമനിധി പോലെ സണ്‍ഡേ സ്‌കൂള്‍, വേദപഠന, മതബോധന അധ്യാപകര്‍ക്കായി നടപ്പാക്കണം. യത്തീംഖാനയിലെ അന്തേവാസികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ നല്‍കുന്ന 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് ക്രിസ്ത്യന്‍ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും നല്‍കണം.
500 ചതുരശ്രയടിയില്‍ താഴെയുള്ള ആരാധനാലയങ്ങള്‍ക്കും കുരിശിന്‍ തൊട്ടികള്‍ക്കും കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ ഇളവ് നല്‍കണം.
ഒ.ഇ.സി. വിഭാഗ ക്ഷേമത്തിനായി പ്രത്യേക ഡയറക്ടറേറ്റും കമ്മിഷനും രൂപവല്‍കരിക്കണം.
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കണം.
ക്രൈസ്തവ ചരിത്രം, സാഹിത്യം, കലകള്‍, സുറിയാനി, ലത്തീന്‍ ഭാഷകള്‍ എന്നിവയില്‍ ഗവേഷണ പദ്ധതികള്‍ തുടങ്ങണം.
വേദപഠന ബിരുദങ്ങള്‍ സമാന ബിരുദങ്ങള്‍ക്ക് തുല്യമായി സര്‍വകലാശാലകള്‍ അംഗീകരിക്കണം. ക്രിസ്ത്യന്‍ സ്റ്റഡി വിഭാഗവും ചെയറും തുടങ്ങണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.