'ഖൊമേനിയുടെ മരണത്തില്‍ ആരും വിലപിക്കില്ല; അമേരിക്കയ്ക്കും ഇസ്രയേലിനും പിന്തുണ': ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

'ഖൊമേനിയുടെ മരണത്തില്‍ ആരും വിലപിക്കില്ല; അമേരിക്കയ്ക്കും ഇസ്രയേലിനും പിന്തുണ': ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

സിഡ്നി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ മരണത്തില്‍ പ്രതികരണവുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്. ഖൊമേനിയുടെ മരണത്തില്‍ ആരും വിലപിക്കില്ലെന്നും ഇറാന്റെ അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിനെതിരെ പോരാടുന്ന ധീരരായ ജനതയ്ക്കൊപ്പം ഓസ്ട്രേലിയ നിലകൊള്ളുമെന്നും അദേഹം പറഞ്ഞു.

ഇറാന്റെ വിനാശകരമായ ആണവ പദ്ധതികള്‍ക്കും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന സായുധ ഗ്രൂപ്പുകള്‍ക്കും പിന്തുണ നല്‍കിയത് ഖൊമേനിയാണ്. സ്വന്തം ജനതയ്ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിട്ട ഭരണകൂടത്തിന്റെ തലവനായിരുന്നു അദേഹമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയില്‍ നടന്ന ചില അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ കൈകളുണ്ട്. ഈ രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്‍ ഖൊമേനിയാണ്. അതുകൊണ്ടു തന്നെ അദേഹത്തിന്റെ മരണത്തില്‍ ദുഖിക്കാന്‍ ഓസ്ട്രേലിയക്കാര്‍ക്ക് കഴിയില്ല.

അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിയെ അല്‍ബനീസ് പിന്തുണച്ചു. ഇറാനെ ഒരു ആണവ ശക്തിയാകാന്‍ അനുവദിക്കില്ലെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ഉറച്ച നിലപാടിന്റെ ഭാഗമാണിതെന്നും അദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സാഹചര്യം മോശമാകുന്ന അവസ്ഥയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ എത്രയും വേഗം മടങ്ങി വരണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ലോകശക്തികള്‍ ഇടപെടണമെന്നും എന്നാല്‍ ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും അദേഹം ആവര്‍ത്തിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.