'ട്രംപിനെയും ബൈഡനെയും വധിക്കാന്‍ ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നിയോഗിച്ചു': വിചാരണയ്ക്കിടെ പാക് പൗരന്റെ വെളിപ്പെടുത്തല്‍

'ട്രംപിനെയും ബൈഡനെയും വധിക്കാന്‍ ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നിയോഗിച്ചു': വിചാരണയ്ക്കിടെ പാക് പൗരന്റെ വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യു.എന്‍ മുന്‍ അംബാസഡര്‍ നിക്കി ഹേലി എന്നിവരെ വധിക്കാന്‍ ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ റിക്രൂട്ട് ചെയ്തതായി പാകിസ്ഥാന്‍ പൗരന്റെ വെളിപ്പെടുത്തല്‍.

ബ്രൂക്ലിനിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ തീവ്രവാദ, കൊലപാതക കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന ആസിഫ് മെര്‍ച്ചന്റ് എന്നയാളാണ് ഇറാനെതിരെ നിര്‍ണായക മൊഴി നല്‍കിയത്. പദ്ധതി നടപ്പിലാക്കാന്‍ ഒരിക്കലും ഉദേശിച്ചിരുന്നില്ലെന്നും ബിസിനസില്‍ വന്‍ പരാജയം നേരിട്ട താന്‍ കുടുംബത്തെ രക്ഷിക്കാന്‍ ഗൂഢാലോചനയില്‍ പങ്കുചേരേണ്ടി വന്നുവെന്നും മെര്‍ച്ചന്റ് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

തുടക്കം മുതല്‍ തന്നെ ഓപ്പറേഷന്‍ പരാജയപ്പെടുമെന്ന് വിശ്വസിച്ചിരുന്നതായും ഇയാള്‍ കോടതിയില്‍ പറഞ്ഞു. അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ വ്യക്തികളെ വധിക്കുക, അതിനായി കൊലയാളികളെ റിക്രൂട്ട് ചെയ്യുക, സെന്‍സിറ്റീവ് രേഖകള്‍ മോഷ്ടിക്കുക, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു ഇയാള്‍ക്ക് നല്‍കിയ ചുമതല.

എന്നാല്‍ പദ്ധതി നടപ്പാക്കാനായി മെര്‍ച്ചന്റ് ബന്ധപ്പെട്ട കരാര്‍ കൊലയാളികള്‍ യഥാര്‍ത്ഥത്തില്‍ രഹസ്യ എഫ്ബിഐ ഏജന്റുമാരായിരുന്നു. ഇതോടെയാണ് പദ്ധതി പൊളിഞ്ഞത്.

ഒരു പ്രത്യേക വ്യക്തിയെ മാത്രം കൊല്ലാന്‍ തനിക്ക് നേരിട്ട് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മെര്‍ച്ചന്റ് ജൂറിയോട് പറഞ്ഞു. എന്നാല്‍ ടെഹ്റാനില്‍ നടന്ന ഒന്നിലധികം ചര്‍ച്ചകളില്‍ ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സൗത്ത് കരോലിനയുടെ മുന്‍ ഗവര്‍ണറും യു.എന്‍ മുന്‍ അംബാസിഡറുമായ നിക്കി ഹേലി എന്നിവരുടെ പേരുകള്‍ തന്റെ ഇറാനിയന്‍ ഹാന്‍ഡ്‌ലര്‍ പരാമര്‍ശിച്ചിരുന്നതായി മെര്‍ച്ചന്റ് വ്യക്തമാക്കി.

മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ വളരെക്കാലമായി ശ്രമിച്ചിരുന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ നിര്‍ദേശപ്രകാരമാണ് മെര്‍ച്ചന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആരോപിച്ചു. 2020 ജനുവരി മൂന്നിന് യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

2022 അവസാനത്തോടെ ഒരു കസിന്‍ വഴിയാണ് ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ആരംഭിച്ചതെന്നും മെര്‍ച്ചെന്റ് വെളിപ്പെടുത്തി. കസിനാണ് മെഹര്‍ദാദ് യൂസഫ് എന്ന വ്യക്തിയെ പരിചയപ്പെടുത്തിയത്. മെഹര്‍ദാദ് യൂസഫ് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ അംഗമാണെന്നും മെര്‍ച്ചെന്റ് പറഞ്ഞു.

അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഹവാല ഇടപാട് വഴി ഇറാനിലേക്ക് പണം കൈമാറുന്നതായിരുന്നു തുടക്കത്തിലെ ജോലി. എന്നാല്‍ പിന്നീട് ഏല്‍പ്പിക്കുന്ന ജോലിയുടെ സ്വഭാവം മാറിയതായും ഇയാള്‍ പറഞ്ഞു. 2024 ജൂലൈ 12 നാണ് ടെക്‌സസിലെ റിച്ച്മണ്ടില്‍ വെച്ച് മെര്‍ച്ചന്റ് അറസ്റ്റിലാകുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.