ഇറാനില്‍ തകര്‍ന്നു വീണ അമേരിക്കയുടെ എഫ് 15 ഇ ഈഗിള്‍ എന്ന ഡബിള്‍ എഞ്ചിന് യുദ്ധ വിമാനത്തിലെ സഹ പൈലറ്റിനെ സാഹസികമായി അമേരിക്കന്‍ സൈന്യം രക്ഷപെടുത്തിയ വാര്‍ത്ത ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'സീല്‍ ടീം 6' എന്നറിയപ്പെടുന്ന അമേരിക്കയുടെ നേവല്‍ സെപെഷ്യല്‍ വാര്‍ഫെയര്‍ ഡെവലപ്മെന്റ് ഗ്രൂപ്പാണ് ഈ സാഹസിക ദൗത്യം വിജയകരമായി നടപ്പാക്കിയത്.
48 മണിക്കൂറുകളോളം മലയിടുക്കില്‍ ഒളിച്ചിരുന്ന ശേഷമാണ് അപകടത്തില്‍ പരിക്കേറ്റ പൈലറ്റ് രക്ഷപ്പെട്ടത്. 7000 അടി ഉയരമുള്ള ഇറാനിലെ സാഗ്രോസ് പര്‍വത നിരയിലെ 200 മൈല്‍ താഴെയായിരുന്നു പൈലറ്റ് ഒളിച്ചിരുന്നത്. ഇറാന് സൈന്യത്തിന് പോലും പൈലറ്റ് എവിടെയെന്ന് മനസിലാകും മുന്‍പ് അമേരിക്കന്‍ സൈന്യം അദേഹത്തെ രക്ഷപെടുത്തുകയായിരുന്നു.
ഇസ്രയേലിന്റെ ഇന്റലിജന്‍സ് സഹായം നിര്‍ണായകമായി
ഇറാനിലെ സാഗ്രോസ് പര്‍വത നിരയില്‍ അകപ്പെട്ടുപോയ പൈലറ്റിനെ ജീവനോടെ കണ്ടെത്തി രക്ഷപെടുത്തുക ഏറെ ദുഷ്കരമായ ദൗത്യമായിരുന്നു. കാരണം ഇതേ പൈലറ്റിന് വേണ്ടി ഇറാനും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. അവരുടെ കണ്ണ് വെട്ടിച്ച് വേണം അമേരിക്കയ്ക്ക് തങ്ങളുടെ സൈനികനെ രക്ഷിക്കാന്‍.
ഇക്കാര്യത്തില്‍ ഇസ്രയേലിന്റെ ഇന്റലിജന്‍സ് സഹായം നിര്‍ണായകമായി. ഇറാന്റെ സൈനിക നീക്കങ്ങള്‍ കൃത്യമായി മനസിലാക്കി അമേരിക്കന്‍ സൈന്യത്തിന് സമയാസമയങ്ങളില്‍ കൈമാറിയത് ഇസ്രയേല്‍ ഇന്റലിജന്‍സായിരുന്നു. തങ്ങളുടെ പൈലറ്റിനെ കണ്ടെത്തിയെന്നും കരമാര്‍ഗം രക്ഷപെടുത്താനുള്ള ശ്രമം തുടരുന്നുവെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ തെറ്റായ വിവരം നല്കി ഇറാന് സൈന്യത്തെ തെറ്റിദ്ധരിപ്പിച്ചു.
ഈ സമയം ഇറാന്റെ സൈനിക നീക്കം ഇസ്രയേലിന്റെ ഇന്റലിജന്‍സ് തത്സമയം വീക്ഷിക്കുകയായിരുന്നു. 36 മണിക്കൂര്‍ നേരത്തേക്ക് ഇസ്രയേല്‍ ഇതിനായി ആക്രമണം നിര്‍ത്തി വച്ചു. ഈ സമയം അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഒരു പ്രസ്താവന നടത്തി. ഇറാനുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും വിജയിച്ചില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്നുമായിരുന്നു അത്. ആ രാത്രി തന്നെ സീല്‍ ടീം 6 കമാന്റോകള്‍ സാഗ്രോസ് പര്‍വതനിരയില്‍ ഇറങ്ങി.
ഈ സമയം ഇറാന് സൈന്യവും സ്ഥലത്തെത്തിയിരുന്നു. ഇവരെ ഒഴിവാക്കാന്‍ സീല്‍ ടീം നിറയൊഴിച്ചു. ഇറാന് സൈന്യത്തിനൊപ്പമുള്ള വാഹനങ്ങളെ അമേരിക്കന്‍ വിമാനങ്ങള്‍ തകര്‍ത്തു. ഉടനടി മലയിടുക്കില്‍ ഒളിച്ചിരുന്ന വൈമാനികനെ സീല്‍ ടീം 6 കമാന്റോകള്‍ താഴേക്കെത്തി രക്ഷിച്ച് തൊട്ടടുത്തുള്ള രാജ്യമായ കുവൈറ്റിലെത്തിച്ചു. ഒരൊറ്റ അമേരിക്കന്‍ സൈനികനു പോലും പരിക്കോ, ജീവഹാനിയോ സംഭവിച്ചില്ല.
ശത്രു രാജ്യത്തിന്റെ പൈലറ്റിനെ കണ്ടെത്തുന്നവര്‍ക്ക് 60,000 ഡോളറാണ് ഇറാന് ഇനാം പ്രഖ്യാപിച്ചിരുന്നത്. അന്വേഷണത്തിന് സാധാരണക്കാരോടും ആവശ്യപ്പെട്ടു. എന്നാല്‍ ഇറാന് സൈന്യത്തിന് തന്റെ സിഗ്നല്‍ ലഭിക്കാതിരിക്കാന്‍ വളരെ പരിമിതമായ സിഗ്നലേ പൈലറ്റ് പുറത്തേക്ക് അയച്ചുള്ളൂ.
കൈയില്‍ ആ സമയം ആയുധമായുണ്ടായിരുന്നത് ഒരു ഹാന്‍ഡ് ഗണ്‍ മാത്രമായിരുന്നു. എന്നാല്‍ ആശയ വിനിമയത്തിനുള്ള ഉപകരണവും ട്രാക്കിങ് ബീക്കണും ഈ സമയം അമേരിക്കന്‍ സൈന്യത്തിലെ കേണലായ വൈമാനികന്റെ കൈവശം ഉണ്ടായിരുന്നു.
ഈ സംവിധാനത്തിന്റെ സഹായത്തോടെ അദേഹത്തെ കണ്ടെത്തിയതോടെ വിവരം സിഐഎ വൈറ്റ് ഹൗസിലേക്കും പെന്റഗണിലേക്കും അമേരിക്കന്‍ സൈന്യത്തിനും കൈമാറി. വൈകാതെ പൈലറ്റിനെ രക്ഷിച്ചു. തലേന്ന് ഇതേ അപകടത്തില്‍ പെട്ട മറ്റൊരു പൈലറ്റിനെയും സൈന്യം രക്ഷിച്ചിരുന്നു. ഇതോടെ ശത്രു രാജ്യത്ത് അപകടത്തില്‍ പെട്ട രണ്ട് വൈമാനികരെ തങ്ങള്‍ക്ക് ഒരുപോലെ രക്ഷിക്കാനായി എന്ന അഭിമാനവും അമേരിക്കന്‍ പ്രസിഡന്റ് ലോകത്തെ അറിയിച്ചു.
ഇത്തരം അതിസാഹസിക ദൗത്യങ്ങള്‍ സീല്‍ ടീം 6 ന് പുതുമയല്ല. പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിച്ചു കഴിയുകയായിരുന്ന അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്തി 2011 മെയ് രണ്ടിന് വധിച്ചത് ഇവരാണ്. 24 നേവി സീല്‍സ് രണ്ട് സ്റ്റെല്‍ത്ത് ഹെലികോപ്റ്ററുകളില്‍ സ്ഥലത്തെത്തി കേവലം 40 മിനിട്ട് കൊണ്ട് ഓപ്പറേഷന് പൂര്‍ത്തിയാക്കി. അന്ന് ജീവനെടുക്കാനായിരുന്നു മിഷനെങ്കില്‍ ഇപ്പോഴത് ജീവന് രക്ഷിച്ച് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനായിരുന്നു. രണ്ടും സംഘം ഭംഗിയായി ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.