മണ്ഡല പുനര്‍ നിര്‍ണയം: കേരളത്തില്‍ 30, തമിഴ്നാടിന് 59, കര്‍ണാടകയ്ക്ക് 42; അധിക സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

മണ്ഡല പുനര്‍ നിര്‍ണയം: കേരളത്തില്‍ 30, തമിഴ്നാടിന് 59, കര്‍ണാടകയ്ക്ക് 42; അധിക സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

ന്യൂഡല്‍ഹി: മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന അധിക സീറ്റുകളുടെ കണക്കുകള്‍ നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവില്‍ 129 ആണ്. അത് 195 ആയി ഉയരും. മൊത്തത്തിലുള്ള പ്രാതിനിധ്യം 23.76 ശതമാനത്തില്‍ നിന്ന് 23.87 ശതമാനമായി വര്‍ധിക്കുമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കി.

കേരളത്തില്‍ നിലവിലെ സീറ്റുകള്‍ 20 എണ്ണമാണ്. പ്രാതിനിധ്യം 3.68 ശതമാനമാണ്. മണ്ഡല പുനര്‍ നിര്‍ണയത്തിന് സംസ്ഥാനത്ത് 30 സീറ്റുകളായി ഉയരും. പ്രാതിനിധ്യം 3.67 ശതമാനം ആയിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും നിലവില്‍ 39 എംപിമാരാണ് ഉള്ളത് . പ്രാതിനിധ്യം 7.18 ശതമാനം. സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ ഇത് 59 ആയി ഉയരും. തമിഴ്നാടിന്റെ പ്രാതിനിധ്യം 7.23 ശതമാനമായി ഉയരും.

അതേപോലെ കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണ് നിലവിലുള്ളത്. സഭയിലെ 5.15 ശതമാനം എംപിമാര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. ബില്‍ പാസാകുന്നതോടെ കര്‍ണാടകയിലെ എംപിമാരുടെ എണ്ണം 28 ല്‍ നിന്ന് 42 ആയി ഉയരും. പ്രാതിനിധ്യം 5.14 ശതമാനം ആയിരിക്കും. ആന്ധ്രയില്‍ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 25 ല്‍ നിന്ന് 38 ആയി വര്‍ധിക്കും. പ്രാതിനിധ്യം 4.60 ശതമാനത്തില്‍ നിന്ന് 4.65 ശതമാനമായി ഉയരുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയില്‍ നിലവില്‍ ലോക്‌സഭയില്‍ 17 സീറ്റുകളാണുള്ളത്. പ്രാതിനിധ്യം 3.13 ശതമാനം. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം സീറ്റുകള്‍ 26 ആയി ഉയരും. പ്രാതിനിധ്യം 3.18 ശതമാനമാകും. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും നേട്ടമുണ്ടാകുമെന്ന് കണക്കുകള്‍ നിരത്തിയാണ് അമിത് ഷാ വിശദീകരിച്ചത്. ലോക്‌സഭയില്‍ നിലവില്‍ 543 അംഗങ്ങളുണ്ട്. സീറ്റുകളില്‍ 50 ശതമാനം വര്‍ധനവുണ്ടാകും. 850 എന്നത് ഒരു ഏകദേശ കണക്കാണെന്നും കൃത്യമായ സംഖ്യ 816 ആയിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.