സുഡാനിൽ സ്കൂളിന് നേരെ ഡ്രോൺ ആക്രമണം; വിദ്യാർഥിനികളടക്കം 17 പേർ കൊല്ലപ്പെട്ടു

സുഡാനിൽ സ്കൂളിന് നേരെ ഡ്രോൺ ആക്രമണം; വിദ്യാർഥിനികളടക്കം 17 പേർ കൊല്ലപ്പെട്ടു

ഖാർത്തൂം: ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സുഡാനിൽ വിദ്യാലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ വിദ്യാർഥിനികളടക്കം 17 പേർ കൊല്ലപ്പെട്ടു. വൈറ്റ് നൈൽ സംസ്ഥാനത്തെ കോസ്തി നഗരത്തിലുള്ള സെക്കൻഡറി സ്കൂളിനും സമീപത്തെ ആരോഗ്യ കേന്ദ്രത്തിനും നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ആണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥിനികളും അധ്യാപകരുമാണ്. ഒരു ആരോഗ്യ പ്രവർത്തകനും ആക്രമണത്തിൽ ഇരയായിട്ടുണ്ട്. സംഭവത്തിൽ 25 ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. പരിക്കേറ്റ മൂന്ന് പെൺകുട്ടികളുടെ ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനമായ ഖാർത്തൂമിലേക്ക് മാറ്റി.

"സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നിരപരാധികളായ കുട്ടികൾ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ല." - പ്രാദേശിക മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

യുദ്ധം തുടരുന്നതിനാൽ മേഖലയിലെ ആശുപത്രികളിൽ മരുന്നുകളുടെയും അത്യാധുനിക ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം അനുഭവപ്പെടുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. സിവിലിയന്മാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ സുഡാനിലെ ആഭ്യന്തര കലാപം കൂടുതൽ ഭീകരമായ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.