യുദ്ധത്തെ ന്യായീകരിക്കാൻ ദൈവനാമം ഉപയോഗിക്കുന്നത് മഹാപാപം: കർദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല

യുദ്ധത്തെ ന്യായീകരിക്കാൻ ദൈവനാമം ഉപയോഗിക്കുന്നത് മഹാപാപം: കർദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല

ജറുസലേം: യുദ്ധത്തെ ന്യായീകരിക്കുന്നതിനായി ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ പാപമാണെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല. മധ്യപൂർവേഷ്യയിൽ തുടരുന്ന രക്തരൂഷിതമായ സംഘർഷങ്ങളിൽ ദൈവത്തിന് യാതൊരു പങ്കുമില്ലെന്നും കർദിനാൾ വ്യക്തമാക്കി.

യു.എസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗസെത്ത് യുദ്ധത്തിന് അനുഗ്രഹം തേടി ബൈബിളിലെ സങ്കീർത്തന ഭാഗങ്ങൾ ഉദ്ധരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു കർദിനാൾ. ഇന്റർനാഷണൽ ഒയാസിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെ യുദ്ധത്തിലെ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് കർദിനാൾ തന്റെ നിലപാട് വ്യക്തമാക്കി. ദൈവം ഈ യുദ്ധത്തിലുണ്ടെങ്കിൽ അത് മരിക്കുന്നവരുടെയും ക്ലേശമനുഭവിക്കുന്നവരുടെയും കൂടെ മാത്രമാണ്ക കർദിനാൾ പറഞ്ഞു.

ഗാസയിലെ ദുരിതാവസ്ഥയെക്കുറിച്ച് കർദിനാൾ ആശങ്ക രേഖപ്പെടുത്തി. ഗാസ മുനമ്പിന്റെ 80 ശതമാനവും തകർക്കപ്പെട്ടു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇസ്രയേൽ സൈന്യം പിന്മാറാതെ ബന്ദികളെ വിട്ടുകൊടുക്കില്ലെന്ന് ഹമാസും ബന്ദികളെ വിട്ടുകിട്ടാതെ പിന്മാറില്ലെന്ന് ഇസ്രായേലും നിലപാട് കടുപ്പിച്ചതോടെ സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. വെസ്റ്റ്ബാങ്കിൽ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള പാലസ്തീൻ വംശജർക്കെതിരെ ദിവസേന അക്രമങ്ങൾ നടക്കുന്നു.

യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചത് ജറുസലേമിലെ വിദ്യാഭ്യാസ മേഖലയെയും ബാധിച്ചിട്ടുണ്ട്. ബെത്‌ലഹേമിൽ നിന്നുള്ള ഇരുന്നൂറോളം അധ്യാപകർക്ക് യാത്രാ തടസങ്ങൾ കാരണം ജറുസലേമിലെ ക്രിസ്ത്യൻ സ്കൂളുകളിൽ എത്താൻ കഴിയുന്നില്ലെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.