ജപ്പാനിലെ ഹിരോഷിമയെയും നാഗസാക്കിയെയും ചുട്ടു ചാമ്പലാക്കിയ ബോംബിന്റെ 1,35,000 ഇരട്ടി വിനാശകാരികളായ ആയുധങ്ങളാണ് ഇപ്പോള്‍ ലോക രാജ്യങ്ങളുടെ കൈവശമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലണ്ടന്‍: യുദ്ധ കലുഷിതമായി മാറുന്ന ലോകത്ത് ആണവായുധ ശേഖരത്തില്‍ വലിയ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) ഉള്‍പ്പെടെയുള്ള ആയുധ നിരീക്ഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണിത്.
വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന ആണവ നിരായുധീകരണ ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നും ലോകശക്തികള്‍ തങ്ങളുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയും ആധുനികവല്‍കരിക്കുകയും ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റഷ്യയും അമേരിക്കയും തമ്മിലുള്ള ആണവ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാര്‍ട്ട്' പോലുള്ള ഉടമ്പടികള്‍ പ്രതിസന്ധിയിലായതും ലോകത്തെ നിയന്ത്രണമില്ലാത്ത ആണവായുധ ശാലയാക്കി മാറ്റുകയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയെയും നാഗസാക്കിയെയും ചുട്ടു ചാമ്പലാക്കിയ ബോംബിന്റെ 1,35,000 ഇരട്ടി വിനാശകാരികളായ ആയുധങ്ങളാണ് ഇപ്പോള്‍ ലോക രാജ്യങ്ങളുടെ കൈവശമുള്ളതെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്.
ചൈനയുടെ ആയുധ നിര്‍മാണത്തിലെ കുതിച്ചുചാട്ടവും ഉത്തര കൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണങ്ങളും മേഖലയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. നിലവില്‍ ലോകത്താകമാനമുള്ള 12,187 ആണവായുധങ്ങളില്‍ 9,745 എണ്ണവും ഏതു നിമിഷവും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്.

മുന്‍ വര്‍ഷത്തെക്കാള്‍ 141 എണ്ണത്തിന്റെ വര്‍ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ നാശമുണ്ടാക്കുന്ന മിസൈലുകള്‍ നിര്‍മിക്കുന്നതില്‍ രാജ്യങ്ങള്‍ മത്സരിക്കുകയാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആണവായുധങ്ങളുടെ എണ്ണത്തില്‍ റഷ്യയും അമേരിക്കയുമാണ് മുന്നില്‍. ശീതയുദ്ധ കാലത്തിന് ശേഷം ആദ്യമായി ചൈന തങ്ങളുടെ ചില ആണവായുധങ്ങള്‍ 'ഹൈ ഓപറേഷനല്‍ അലര്‍ട്ട്' വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആയുധങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം തന്നെ അവയെ കൂടുതല്‍ വിനാശകാരികളാക്കാനും കൂടുതല്‍ കൃത്യതയുള്ളതാക്കാനും രാജ്യങ്ങള്‍ കോടികളാണ് ചെലവഴിക്കുന്നത്.
വര്‍ഷങ്ങളായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷവും പശ്ചിമേഷ്യയിലെ പുതിയ യുദ്ധ സാഹചര്യങ്ങളും രാജ്യങ്ങളെ കൂടുതല്‍ ആണവായുധങ്ങള്‍ സംഭരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ആണവായുധങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ നിയമങ്ങളുണ്ടെങ്കിലും ആഗോള ശക്തികള്‍ അത് ഗൗരവമായി എടുക്കുന്നില്ല. സമാധാന ചര്‍ച്ചകള്‍ക്ക് പകരം ആയുധ ബലത്തിലൂടെ അധികാരം സ്ഥാപിക്കാനുള്ള ശ്രമം മനുഷ്യരാശിയുടെ നിലനില്‍പിന് തന്നെ ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ ഒന്‍പത് രാജ്യങ്ങളാണ് ആണവായുധങ്ങള്‍ കൈവശം വച്ചിട്ടുള്ളത്. അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവരാണ് പട്ടികയിലെ എട്ട് രാജ്യങ്ങള്‍. 1967 ഓടെ ഇസ്രയേല്‍ ആണവായുധങ്ങള്‍ സ്വന്തമാക്കിയെങ്കിലും അവ ഒരിക്കലും പരസ്യമായി പരീക്ഷിക്കുകയോ ഔദ്യോഗികമായി അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.