നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പൊലീസ് പിടിയിലായി. സജിയുടെ മാതാവ് പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇവരെ സജി കൊലപ്പെടുത്തിയതാണ് എന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം വീട്ടില്‍ പരിശോധനയ്ക്കെത്തിയ പൊലീസിനെ കണ്ട് സജി ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇന്ന് രാവിലെ ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സജിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ അന്വേഷണത്തിനായി മറ്റ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സജി ഓടിരക്ഷപ്പെടുകയായിരുന്നു.
സ്ഥലത്ത് പോലീസ് നായയെ എത്തിച്ച് നടത്തിയ അന്വേഷണത്തില്‍ പറമ്പിന്റെ പരിസരത്തു നിന്ന് സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡ്രോണും പൊലീസ് നായകളെയും ഉപയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്‍ നിന്ന് പുറത്തേക്കു നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാറ്റി പരിശോധന തുടങ്ങി.
ഉച്ചയോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒരേകുഴിയില്‍ ആയിരുന്നു. വേഗം ജീര്‍ണിക്കുന്നതിനും ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയില്‍ കുമ്മായം വിതറിയിരുന്നു. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് കാണിച്ച് മേരിക്കുട്ടിയുടെ മകള്‍ സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.