വത്തിക്കാൻ സിറ്റി: മരണത്തിന്റെ തിരമാലകളിൽ നിന്ന് ഏഴ് കുട്ടികളെ ജീവിതത്തിലേക്ക് തിരികെക്കയറ്റി സ്വന്തം ജീവൻ ബലിനൽകിയ സ്പാനിഷ് മിഷണറി പെഡ്രോ മാനുവൽ സലാഡോ ആൽബയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് വത്തിക്കാൻ തുടക്കമിട്ടു. പെഡ്രോയുടെ ‘ജീവൻ സമർപ്പണത്തെ’ (ഒബ്ലേഷിയോ വിറ്റെ) ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവിൽ ലിയോ 14-ാമൻ പാപ്പ ഒപ്പുവെച്ചു.
2012 ഫെബ്രുവരി അഞ്ചിനാണ് ലോകത്തെ കണ്ണീരിലാഴ്ത്തിയ ആ സംഭവം നടന്നത്. ഇക്വഡോറിലെ ക്വിനിൻഡെയിൽ താൻ നടത്തിയിരുന്ന സ്കൂളിലെ കുട്ടികളുമായി കടൽത്തീരത്ത് സമയം ചെലവഴിക്കുകയായിരുന്നു പെഡ്രോ. ഇതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് ഏഴ് കുട്ടികൾ കടലിലേക്ക് ഒലിച്ചുപോയി.
ഒട്ടും മടിക്കാതെ കടലിലേക്ക് ചാടിയ പെഡ്രോ, അതിസാഹസികമായി ഓരോ കുട്ടിയെയും കരയ്ക്കെത്തിച്ചു. ഏഴാമത്തെ കുട്ടിയെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയപ്പോഴേക്കും അദേഹം പൂർണമായും തളർന്നു പോയിരുന്നു. കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പെഡ്രോയ്ക്ക് പക്ഷേ തിരികെ കരയിലെത്താനായില്ല. ആ ഏഴ് ജീവനുകൾക്കായി അദേഹം സ്വന്തം ജീവൻ സമർപ്പിച്ചു.
വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെടുന്ന രക്തസാക്ഷികളുടെ ഗണത്തിലല്ലെങ്കിലും, സഹജീവികളെ രക്ഷിക്കാൻ വേണ്ടി ബോധപൂർവ്വം സ്വന്തം ജീവൻ നൽകുന്നവരെ ഉൾപ്പെടുത്തുന്ന വിഭാഗമാണ് ‘ഒബ്ലേഷിയോ വിറ്റെ’ (സ്വതന്ത്രമായ ജീവന്റെ സമർപ്പണം). 2017 ലാണ് ഇങ്ങനെയൊരു വിഭാഗം നാമകരണ നടപടികളുടെ ഭാഗമാക്കിയത്. പെഡ്രോയുടെ ത്യാഗപൂർണമായ മരണം ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വത്തിക്കാൻ അംഗീകരിച്ചിരിക്കുന്നത്.
1968 ൽ സ്പെയിനിൽ ജനിച്ച പെഡ്രോ ‘ഹോം ഓഫ് നസ്രത്ത്’ എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായാണ് അഹം ഇക്വഡോറിൽ മിഷണറി പ്രവർത്തനം നടത്തിയിരുന്നത്.
വത്തിക്കാന്റെ പുതിയ തീരുമാനത്തോടെ പെഡ്രോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകും. ഇനി അദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്ന ഒരു അത്ഭുതം കൂടി വത്തിക്കാൻ സ്ഥിരീകരിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.