മനില: ആധുനിക വൈദ്യ ശാസ്ത്രം എത്തി നോക്കാത്ത ഫിലിപ്പീൻസിലെ ഉൾനാടൻ ഗ്രാമങ്ങളിൽ മിന്നുന്ന ടോർച്ച് വെളിച്ചത്തിൽ ആയിരങ്ങൾക്ക് പുതുജീവൻ നൽകിയ സിസ്റ്റർ ഈവ ഫിഡെല മാമോ (85) അന്തരിച്ചു. ഏഷ്യയുടെ നോബൽ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാര ജേതാവായ ഇവർ ‘സൗഖ്യം നൽകുന്ന സന്യാസിനി’ എന്നാണ് ലോകമെങ്ങും അറിയപ്പെട്ടിരുന്നത്. ‘സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോൾ ഓഫ് ഷാർട്ടർസ്’ സഭാംഗമായ സിസ്റ്റർ ഈവ മനിലയിലെ ഔർ ലേഡി ഓഫ് പീസ് ആശുപത്രിയിൽ വെച്ചാണ് ലോകത്തോട് വിടപറഞ്ഞത്.
1970 കളിൽ തെക്കൻ ഫിലിപ്പീൻസിലെ സെബുവിലെ ഗോത്രവർഗക്കാർക്കിടയിലായിരുന്നു സിസ്റ്ററുടെ സമാനതകളില്ലാത്ത പോരാട്ടം. ആശുപത്രികളിലേക്ക് കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്ന ഗോത്രമനുഷ്യർക്കായി മുളകൊണ്ടുണ്ടാക്കിയ സാധാരണ മേശകളെ സിസ്റ്റർ ഓപ്പറേഷൻ തിയേറ്ററുകളാക്കി മാറ്റി. വൈദ്യുതിയോ ആധുനിക സജ്ജീകരണങ്ങളോ ഇല്ലാത്ത കുടിലുകളിൽ ടോർച്ച് വെളിച്ചത്തിൽ സിസ്റ്റർ നടത്തിയ ശസ്ത്രക്രിയകൾ വൈദ്യശാസ്ത്രത്തിന് തന്നെ വിസ്മയമായിരുന്നു.
ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഉൾനാടുകളിൽ ആരോഗ്യസേവനം എത്തിക്കാൻ ‘ചെരിപ്പിടാത്ത ഡോക്ടേഴ്സ്’ (Barefoot Doctors) എന്ന വിപ്ലവകരമായ പദ്ധതി സിസ്റ്റർ ആവിഷ്കരിച്ചു. 110 ഗോത്രവർഗ വിഭാഗങ്ങളിൽ നിന്നായി 270-ഓളം പേർക്ക് അടിസ്ഥാന വൈദ്യശാസ്ത്രത്തിൽ പരിശീലനം നൽകി അവരെ സ്വന്തം ഗ്രാമങ്ങളിലെ ഡോക്ടർമാരാക്കി മാറ്റാൻ സിസ്റ്റർക്ക് കഴിഞ്ഞു.
മനിലയിലെ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ ഉറപ്പാക്കാൻ ജസ്യൂട്ട് വൈദികനായ ഫാ. ജയിംസ് റോയിട്ടറുമായി ചേർന്ന് ‘ഔർ ലേഡി ഓഫ് പീസ്’ എന്ന ആശുപത്രി അവർ സ്ഥാപിച്ചു. 1992-ൽ മിഷനറീസ് ഓഫ് ചാരിറ്റി നൽകുന്ന മദർ തെരേസ അവാർഡും സിസ്റ്ററെ തേടിയെത്തിയിരുന്നു.
ദൈവം അയച്ച മാലാഖയായി ഗോത്രജനത നെഞ്ചിലേറ്റിയ സിസ്റ്റർ ഈവ മാമോ കൊളുത്തിയ സ്നേഹദീപം ആ ഉൾനാടൻ ഗ്രാമങ്ങളിൽ ഇനിയൊരിക്കലും അണയുകയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.