കേരളം യുഡിഎഫിനൊപ്പം; അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച, ബം​ഗാളിൽ അട്ടിമറി വിജയം: തമിഴ്നാട്ടിൽ ഡിഎംകെ എന്നും എക്സിറ്റ് പോൾ ഫലം

കേരളം യുഡിഎഫിനൊപ്പം; അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച, ബം​ഗാളിൽ അട്ടിമറി വിജയം: തമിഴ്നാട്ടിൽ ഡിഎംകെ എന്നും എക്സിറ്റ് പോൾ ഫലം

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭരണ മാറ്റത്തിന് സാധ്യത. കേരളത്തിൽ യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്നും പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ പത്തു വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ചരിത്രവിജയം നേടുമെന്നുമാണ് ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നത്. അസമിൽ ബിജെപി ഭരണം നിലനിർത്തുമെന്നും തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം വലിയ മുന്നേറ്റം നടത്തുമെന്നും സർവേകൾ സൂചിപ്പിക്കുന്നു.

ഇടതു കോട്ടകൾ തകർത്ത് യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്നാണ് സർവേ ഫലങ്ങൾ. മിക്ക ഏജൻസികളും യുഡിഎഫിന് 70 ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചന പ്രകാരം കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം കൈവരിച്ച് 78 മുതൽ 90 വരെ സീറ്റുകൾ നേടാനാകുമെന്ന് സൂചനയുണ്ട്. എൽഡിഎഫ് 49 മുതൽ 62 വരെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്ന് വിലയിരുത്തുന്നു.

ന്യൂസ് 18, ടൈംസ് എന്നിവയുടെ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചിക്കുന്നു. കേരളത്തിൽ ഇത്തവണയും വലിയ മുന്നേറ്റം നേടാൻ എൻഡിഎയ്ക്ക് കഴിയില്ലെന്നും പരമാവധി 0 മുതൽ മൂന്ന് വരെ സീറ്റുകൾ മാത്രമേ നേടാനാകൂവെന്നുമാണ് വിലയിരുത്തൽ.

ബംഗാളിൽ മമത വീഴുമോ? ബിജെപിക്ക് 175 സീറ്റുകൾ വരെ

ബംഗാൾ രാഷ്ട്രീയത്തിൽ ദീർഘകാലം അപ്രമാദിത്വം പുലർത്തിയിരുന്ന തൃണമൂൽ കോൺ​ഗ്രസിന് ഈ തവണ ബിജെപി കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് പി-മാർക്ക് പ്രവചനം. ബിജെപി 150 മുതൽ 175 വരെ സീറ്റുകൾ നേടി ആദ്യമായി അധികാരത്തിലെത്താനിടയുണ്ടെന്നും വിലയിരുത്തുന്നു.

തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളിലേക്ക് ചുരുങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന. മാട്രിസിന്റെ പ്രവചന പ്രകാരം ബിജെപിക്ക് 146 മുതൽ 161 വരെ സീറ്റുകൾ ലഭിക്കാമെന്നും കേവല ഭൂരിപക്ഷത്തിനാവശ്യമായ 148 സീറ്റുകളുടെ പരിധി അതുവഴി മറികടക്കാമെന്നും വിലയിരുത്തുന്നു.

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് റിപ്പബ്ലിക്കും മാട്രിസും പ്രവചിക്കുന്നു. 125 മുതൽ 145 സീറ്റുകൾ വരെ ഡിഎംകെ നേടിയേക്കാം. കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ 26 സീറ്റുകൾ വരെ നേടി നിർണായക ശക്തിയാകുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.

അസമിൽ ബിജെപിക്ക് എതിരാളികളില്ലെന്ന് സർവേകൾ. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനപ്രകാരം ബിജെപി സഖ്യം 100 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തും. കോൺഗ്രസ് സഖ്യം 30 ഓളം സീറ്റുകളിൽ ഒതുങ്ങും.

പുതുച്ചേരിയിൽ 42 ശതമാനം ആളുകളുടെ പിന്തുണയുള്ള എൻ. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 16 മുതൽ 20 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

രാജ്യം കാത്തിരിക്കുന്ന ജനവിധി മെയ് നാലിന് അറിയാം. എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിനും ബിജെപിക്കും വലിയ ആവേശം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് പൂർത്തിയായതോടെയാണ് എല്ലാ സംസ്ഥാനങ്ങളിലെയും എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.