പ്രതാപം വീണ്ടെടുക്കാന്‍ ഒനിഡ: 'ചെകുത്താന്‍' പുതിയ ഭാവത്തില്‍ വിപണിയിലേക്ക്; ലക്ഷ്യം അഞ്ച് വര്‍ഷത്തില്‍ അഞ്ച് ഇരട്ടി വളര്‍ച്ച

പ്രതാപം വീണ്ടെടുക്കാന്‍ ഒനിഡ: 'ചെകുത്താന്‍' പുതിയ ഭാവത്തില്‍ വിപണിയിലേക്ക്; ലക്ഷ്യം അഞ്ച് വര്‍ഷത്തില്‍ അഞ്ച് ഇരട്ടി വളര്‍ച്ച

കൊല്‍ക്കത്ത: എണ്‍പതുകളിലും തൊണ്ണൂറുകളിലും 'അയല്‍ക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം' എന്ന വിഖ്യാതമായ പരസ്യവാചകത്തിലൂടെ ഇന്ത്യക്കാരുടെ സ്വീകരണമുറികള്‍ കീഴടക്കിയ ഒനിഡ, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ വാണിജ്യ തന്ത്രങ്ങളുമായി രംഗത്തിറങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി ജനപ്രിയ ബ്രാന്‍ഡ് ചിഹ്നമായ ചെകുത്താനെ ആധുനിക രീതിയില്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്.

രാജ്യ വ്യാപകമായി അടുത്തിടെ നടത്തിയ വിപണി ഗവേഷണങ്ങളില്‍ പഴയ തലമുറയ്‌ക്കൊപ്പം പുതുതലമുറ ഉപയോക്താക്കളിലും ഈ ബ്രാന്‍ഡ് ചിഹ്നത്തിന് വലിയ സ്വാധീനമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓനിഡ റീവയര്‍ഡ് എന്ന സമഗ്ര പുനസംഘടന പദ്ധതിയുടെ ഭാഗമായി ചെകുത്താനെ വീണ്ടും വിപണിയില്‍ എത്തിക്കുന്നത്.

കമ്പനിയുടെ ബിസിനസ് മോഡലിലും വലിയ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. ലാഭം കുറഞ്ഞ കരാര്‍ നിര്‍മാണത്തില്‍ നിന്ന് കമ്പനി പൂര്‍ണമായും പിന്മാറുകയാണെന്ന് സിഇഒ ഗുഞ്ചന്‍ ശ്രീവാസ്തവ അറിയിച്ചു. പകരം സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 660 കോടി രൂപ വരുമാനവും 74 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടവും രേഖപ്പെടുത്തിയ കമ്പനി, അടുത്ത 12 മുതല്‍ 24 മാസത്തിനുള്ളില്‍ നഷ്ടമില്ലാത്ത അവസ്ഥ കൈവരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.

ഉല്‍പ്പന്ന ലഭ്യത ഉറപ്പാക്കാന്‍ വിതരണ ശൃംഖല നിലവിലുള്ള 4,000 കേന്ദ്രങ്ങളില്‍ നിന്ന് 8,000 ആയി വര്‍ധിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ഒനിഡ എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. മെട്രോ നഗരങ്ങള്‍ക്ക് പുറമെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കാണ് വിപണി വ്യാപിപ്പിക്കുന്നത്.

ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, വാഷിങ് മെഷീന്‍ എന്നിവയുടെ ഉല്‍പ്പാദനം ശക്തമാക്കുന്നതിനൊപ്പം സ്മാര്‍ട്ട് ഹോം ടെക്‌നോളജി ഉള്‍പ്പെടെയുള്ള പുതിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലേക്ക് കൂടി കമ്പനി വ്യാപിപ്പിക്കും. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ പ്രിയമേറുന്ന നിലവിലെ സാഹചര്യത്തില്‍ ഒനിഡയുടെ തിരിച്ചുവരവ് ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്ത് വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.