കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപികമാര്‍ ലഹരി വില്‍പനക്കാരായി മാറിയ പേരാമ്പ്ര ബിആര്‍സി ലഹരി കേസില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നു. കേസില്‍ ആവള സ്വദേശിനിയായ അധ്യാപിക വി.പി നീഷ്മ കൂടി അറസ്റ്റിലായതോടെ പിടിയിലായ ബിആര്‍സി അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ അറസ്റ്റിലായ കെ.സി കീര്‍ത്തന, കെ. കാവ്യ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീഷ്മയെ പൊലീസ് വലയിലാക്കിയത്.
ഓണ്‍ലൈന്‍ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകളിലൂടെയാണ് ഇവര്‍ ലഹരി വില്‍പന നടത്തിയിരുന്നത്. ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാരെ കണ്ടെത്തുകയും ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം ലഹരി വച്ചിരിക്കുന്ന ലൊക്കേഷന്‍ മാപ്പ് വഴി അയച്ചു കൊടുക്കുകയുമായിരുന്നു ഇവരുടെ രീതി. കേവലം അധ്യാപന ശമ്പളം കൊണ്ട് മാത്രം സാധ്യമല്ലാത്ത വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകളാണ് ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
നേരത്തെ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ സഫ്‌വാന്‍ എന്ന യുവാവില്‍ നിന്ന് ലഭിച്ച സൂചനകളാണ് ഈ വലിയ ലഹരി ശൃംഖലയുടെ ചുരുളഴിച്ചത്. മംഗളൂരു ബന്ധം വഴി ആദ്യം സ്വന്തം ആവശ്യത്തിന് ലഹരി ഉപയോഗിച്ച് തുടങ്ങിയ ഇവര്‍ പിന്നീട് വന്‍ തുക കമ്മീഷന്‍ ലക്ഷ്യമിട്ട് വില്‍പനക്കാരായി മാറുകയായിരുന്നു.
സംഭവം ഗുരുതരമായി കണ്ട വിദ്യാഭ്യാസ വകുപ്പ് പിടിയിലായ മൂന്ന് അധ്യാപികമാരെയും ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്കോ ലഹരി കാര്‍ട്ടലുകള്‍ക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.