ജോലി സമയം രേഖപ്പെടുത്തുന്നതില്‍ വീഴ്ച: ഇന്‍ഫോസിസിന് കോടികളുടെ പിഴ ചുമത്തി ഫ്രഞ്ച് ലേബര്‍ അതോറിറ്റി

ജോലി സമയം രേഖപ്പെടുത്തുന്നതില്‍ വീഴ്ച: ഇന്‍ഫോസിസിന് കോടികളുടെ പിഴ ചുമത്തി ഫ്രഞ്ച് ലേബര്‍ അതോറിറ്റി

പാരിസ്: ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംവിധാനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ ഐടി ഭീമനായ ഇന്‍ഫോസിസിന് ഫ്രഞ്ച് ലേബര്‍ അതോറിറ്റി വന്‍ തുക പിഴ ചുമത്തി. തൊഴില്‍ നിയമങ്ങളിലെ ക കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. 1,75,000 യൂറോ (ഏകദേശം രണ്ട് കോടി ഇന്ത്യന്‍ രൂപ) പിഴയായി അടയ്ക്കാനാണ് ഫ്രാന്‍സിലെ പ്രാദേശിക തൊഴില്‍ അതോറിറ്റി( DRIEETS Île-de-France) ഉത്തരവിട്ടിരിക്കുന്നത്.

ജീവനക്കാരുടെ ജോലി സമയം കൃത്യമായി രേഖപ്പെടുത്താന്‍ ഇന്‍ഫോസിസ് നിലവില്‍ ഉപയോഗിക്കുന്ന സംവിധാനം ഫ്രാന്‍സിലെ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അനുസൃതമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ ട്രാക്കിങ് സംവിധാനത്തിന്റെ വിശ്വാസ്യത, ഓഡിറ്റിങിന് ഉതകുന്ന തരത്തിലുള്ള രേഖകള്‍ സൂക്ഷിക്കുന്നതിലെ പിഴവുകള്‍, ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ ജോലി സമയം നിരീക്ഷിക്കുന്നതിലെ സൗകര്യക്കുറവ് എന്നിവയാണ് പ്രധാന പോരായ്മകളായി അധികൃതര്‍ ചൂണ്ടിക്കാണിച്ചത്.

ഫ്രഞ്ച് തൊഴില്‍ നിയമം അനുസരിച്ച് സ്ഥാപനങ്ങള്‍ ജീവനക്കാരുടെ കൃത്യമായ ജോലി സമയം, ഓവര്‍ടൈം, നിര്‍ബന്ധിത വിശ്രമ സമയം എന്നിവ വ്യക്തമായി രേഖപ്പെടുത്തുകയും ഭാവിയിലെ പരിശോധനകള്‍ക്കായി ഓഡിറ്റ് ചെയ്യാവുന്ന രീതിയില്‍ സൂക്ഷിക്കുകയും വേണം. ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതാണ് ഭീമമായ പിഴ നടപടിക്ക് കാരണമായത്.

ഇന്ത്യയിലെ ഇന്‍ഫോസിസ് ഓഫീസുകളില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് ഫ്രാന്‍സിലെ ഈ ശക്തമായ നടപടിയെന്നത് ശ്രദ്ധേയമാണ്. ആഗോളതലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ മുന്നേറ്റം നടത്തണമെങ്കില്‍ ജീവനക്കാര്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ വരെയെങ്കിലും അധ്വാനിക്കണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ആഴ്ചയില്‍ ആറ് ദിവസം രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയുള്ള പ്രവര്‍ത്തന ശൈലിയെ പിന്തുണയ്ക്കുന്ന അദേഹത്തിന്റെ നിലപാടിനെതിരെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് യൂറോപ്പില്‍ കമ്പനിക്കെതിരെ നിയമപരമായ തിരിച്ചടി നേരിട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.