പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാല്‍ സമരം ശക്തമാക്കുമെന്ന് സിജെപി; കേന്ദ്രത്തിന് മുന്നറിയിപ്പ്

പരീക്ഷാ ക്രമക്കേട്: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാല്‍ സമരം ശക്തമാക്കുമെന്ന് സിജെപി; കേന്ദ്രത്തിന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ എഫ്ഐആറുമായി മുന്നോട്ടുപോയാല്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് കേന്ദ്ര സര്‍ക്കാരിന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ദീപ്കെ പ്രതികരണം അറിയിച്ചത്.

വിദ്യാര്‍ഥികളെ വേട്ടയാടുന്ന സമീപനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് അദേഹം ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ എഫ്ഐആറുകളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെയും സിജെപി ആശങ്ക രേഖപ്പെടുത്തി. മുന്‍പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയ സിജെപി പ്രതിനിധികള്‍, ഇത്തരം നടപടികള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് മുന്‍പ് സമരങ്ങള്‍ അവസാനിപ്പിച്ചിരുന്നതെന്ന് പാര്‍ട്ടി ഓര്‍മിപ്പിച്ചു. അതേസമയം ഡല്‍ഹി എകെജി ഭവനിലെത്തി എസ്എഫ്ഐ ഡല്‍ഹി സെക്രട്ടറിയും ജെഎന്‍യു മുന്‍ യൂണിയന്‍ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ ശ്രമത്തെ സിജെപി രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ എസ്എഫ്ഐക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സിജെപി വക്താക്കള്‍ വിഷയത്തില്‍ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കി. ഇതിന്റെ ഭാഗമായി സിജെപി വക്താവ് വൈഷ്ണവി ഘോര്‍, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജിയുമായി ഫോണില്‍ സംസാരിച്ച് നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.