ഉദ്യോഗസ്ഥര്‍ സുരക്ഷിത മാര്‍ഗമായി അപ്പീലുകള്‍ തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവഹാരിയെന്നും കോടതി വ്യക്തമാക്കി. അനാവശ്യമായ അപ്പീലുകള്‍ നല്‍കി കോടതിയുടെ സമയം പാഴാക്കുന്ന കേന്ദ്രത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന് 25,000 രൂപ പിഴയും ചുമത്തി.
സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. ഒരു കോണ്‍സ്റ്റബിളിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി തെറ്റാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയിട്ടും എന്തിനാണ് വീണ്ടും അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.
11 ദിവസത്തെ അനധികൃത അവധി എടുത്തതിനും സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണത്തിലുമാണ് പത്ത് വര്‍ഷത്തെ സര്‍വീസുള്ള കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടത്. എന്നാല്‍ ഇതില്‍ ഗുരുതരമായ വീഴ്ചയില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് വലിച്ചിഴച്ചതിനെയാണ് ബെഞ്ച് വിമര്‍ശിച്ചത്.
കോടതികളില്‍ കേസുകള്‍ കുമിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണം സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളാണെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഒരു വശത്ത് കേസുകളുടെ ആധിക്യത്തെക്കുറിച്ച് പരാതിപ്പെടുകയും മറുവശത്ത് അനാവശ്യ വ്യവഹാരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. ഹൈക്കോടതി ഒരാള്‍ക്ക് നീതി നല്‍കിയാല്‍ അത് അംഗീകരിക്കുന്നതിന് പകരം എന്തിനാണ് വീണ്ടും നിയമപോരാട്ടം തുടരുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ ഇത്തരം കാര്യങ്ങളില്‍ ശരിയായ നിയമോപദേശം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കൂടാതെ ഔദ്യോഗിക നടപടികളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഓഡിറ്റ് അല്ലെങ്കില്‍ വിജിലന്‍സ് പരിശോധനകള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ സുരക്ഷിത മാര്‍ഗമായി അപ്പീലുകള്‍ തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണം. അപ്പീലുകള്‍ ശീലമാക്കാതെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട ഒന്നായി മാറണം. സര്‍ക്കാര്‍ സംവിധാനത്തിനുള്ളില്‍ തന്നെ ഇത്തരം ഹര്‍ജികള്‍ ഫില്‍ട്ടര്‍ ചെയ്യാനുള്ള സംവിധാനം അടിയന്തരമായി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.