ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടിയതോടെ ലോകം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായി പുതിയ സമുദ്രപാത തെളിയുന്നു. അന്താരാഷ്ട്ര ജലാശയങ്ങൾ ഒഴിവാക്കി ഒമാന്റെ സമുദ്രാതിർത്തിക്കുള്ളിലൂടെയുള്ള പുതിയ പാത വഴി ഇന്ത്യയിലേക്കുള്ള ചരക്കു കപ്പലടക്കം നാല് കൂറ്റൻ കപ്പലുകൾ യാത്ര ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എണ്ണ, എൽഎൻജി, കാർഗോ എന്നിവ വഹിക്കുന്ന നാല് വലിയ കപ്പലുകളാണ് ഒമാന്റെ തീരത്തോട് ചേർന്നുള്ള സുരക്ഷിത പാത തിരഞ്ഞെടുത്തത്. ആധുനിക എഐഎസ് (Automatic Identification System) റിമോട്ട് സെൻസിങ് ഡാറ്റകൾ പ്രകാരം ഈ കപ്പലുകൾ ഒമാൻ അതിർത്തിയിൽ പ്രവേശിച്ച ശേഷം നിരീക്ഷണ സിഗ്നലുകൾ ഓഫ് ചെയ്താണ് യാത്ര തുടരുന്നത്. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ മറികടക്കാൻ സ്വീകരിച്ച തന്ത്രപരമായ നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
മാർഷൽ ദ്വീപുകളുടെ പതാകയുള്ള 'ഹബ്രൂട്ട്', 'ധാൽകുട്ട്' എന്നീ കപ്പലുകളിൽ 20 ലക്ഷം ബാരൽ സൗദി-യുഎഇ ക്രൂഡ് ഓയിൽ നിറച്ചിട്ടുണ്ട്. പനാമ പതാകയേന്തിയ 'സോഹാർ' എൽഎൻജി കപ്പൽ യുഎഇയിലെ അൽ ഹംരിയ തുറമുഖത്ത് നിന്നാണ് പുറപ്പെട്ടത്. ഇവയ്ക്ക് പിന്നാലെ ദുബായിൽ നിന്ന് യാത്ര തിരിച്ച ഇന്ത്യൻ പതാകയേന്തിയ കാർഗോ കപ്പലും ഒമാൻ തീരത്തിന് സമീപമെത്തിയിട്ടുണ്ട്.
ഫെബ്രുവരി 28 ന് ആരംഭിച്ച സംഘർഷത്തിന് പിന്നാലെയാണ് ലോകത്തെ ഇന്ധന വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെട്ടത്. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടുകയും ആഗോള വിപണിയിൽ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.