ലക്ഷ്യം ശാശ്വത സമാധാനം: ഇറാനുമായി അമേരിക്ക വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നു; നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നത് പരിഗണിച്ചേക്കും

ലക്ഷ്യം ശാശ്വത സമാധാനം: ഇറാനുമായി അമേരിക്ക വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നു; നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നത് പരിഗണിച്ചേക്കും

സമാധാന ശ്രമങ്ങള്‍ക്കിടെ ഇറാന്റെ തുറമുഖങ്ങളില്‍ സൈനിക ഉപരോധം ആരംഭിച്ചതായി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇറാനുമായി ഒരുവട്ടം കൂടി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. സംഘര്‍ഷം ശാശ്വതമായി അവസാനിപ്പിക്കാനുള്ള കരാറിലെത്താന്‍ ലക്ഷ്യമിട്ടാണ് യു.എസ് ഉദ്യോഗസ്ഥര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആലോചിക്കുന്നത്.

വരും ദിവസങ്ങളില്‍ പ്രാദേശിക മധ്യസ്ഥരുമായി നടത്തുന്ന ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തിയാകും അന്തിമ തീരുമാനം കൈക്കൊള്ളുക. രണ്ടാം വട്ട ചര്‍ച്ചയ്ക്കായി ഇരു രാജ്യങ്ങളെയും ഒരേ മേശയിലെത്തിക്കാന്‍ തുര്‍ക്കി സജീവമായ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് കണ്ടാല്‍ നിലവിലെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്ന കാര്യവും യു.എസ് പരിഗണിക്കുന്നുണ്ട്.

ഒരു വശത്ത് ചര്‍ച്ചകള്‍ക്ക് ശ്രമം തുടരുമ്പോഴും ഇറാനുമേല്‍ സൈനിക-സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ തുറമുഖങ്ങളില്‍ യു.എസ് സൈനിക ഉപരോധം ആരംഭിച്ചതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പതിനഞ്ചില്‍ അധികം യുദ്ധക്കപ്പലുകള്‍ ഇറാന്റെ തീരമേഖലയില്‍ വിന്യസിച്ചതായാണ് വിവരം. ടെഹ്റാന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. യു.എസ് നാവിക സേനയുടെ ആക്രമണ കപ്പലായ യു.എസ്.എസ് ട്രിപ്പോളി അറബിക്കടലില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതും ആയ എല്ലാ കപ്പലുകള്‍ക്കും ഒരേ പോലെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്ന് പോകുന്നതോ അവിടെ നിന്ന് വരുന്നതോ ആയ കപ്പലുകളെ തടയില്ലെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.