നിലപാട് കടുപ്പിച്ച് മെലോണി: ഇസ്രയേലുമായുള്ള പ്രതിരോധ കരാര്‍ നിര്‍ത്തിവച്ചതായി ഇറ്റലി

നിലപാട് കടുപ്പിച്ച് മെലോണി: ഇസ്രയേലുമായുള്ള പ്രതിരോധ കരാര്‍ നിര്‍ത്തിവച്ചതായി ഇറ്റലി

റോം: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാറുകള്‍ നിര്‍ത്തിവച്ചതായി ഇറ്റലി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ലബനനിലെ ആക്രമണങ്ങളെത്തുടര്‍ന്നാണ് നിലപാട് കടുപ്പിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

'പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രയേലുമായുള്ള പ്രതിരോധ കരാറുകള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.'- വെറോണയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മെലോണി വ്യക്തമാക്കി.

സൈനിക സഹകരണ കരാറുകളും പിന്തുണയും മരവിപ്പിച്ചതായി ജോര്‍ജിയയെ ഉദ്ദരിച്ച് ഇറ്റാലിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഉപകരണങ്ങള്‍, സാങ്കേതിക ഗവേഷണം എന്നിവയാണ് കരാറിലെ പ്രധാന ഭാഗം. ലബനനിലേക്കും ഇറാനിലേക്കുമുള്ള ആക്രമണം കടുപ്പിച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ സൈനിക കരാറുകളില്‍ നിന്നുള്ള ഇറ്റലിയുടെ അപ്രതീക്ഷിത പിന്മാറ്റം ഇസ്രയേലിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

മെലോണിയുടെ വലത് പക്ഷ സര്‍ക്കാര്‍ ഇക്കാലം വരെ ഇസ്രയേലിന്റെ അടുത്ത സുഹൃത്തായിരുന്നു. ലബനനില്‍ യു.എന്‍ സമാധാന സേനയുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് നേരെ കഴിഞ്ഞയാഴ്ച ഇസ്രയേല്‍ വെടിയുതിര്‍ത്തിരുന്നു. കൂടാതെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെയും ജോര്‍ജിയ മെലോണി നിശിതമായി വിമര്‍ശിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേലുമായുള്ള പ്രതിരോധ കരാര്‍ റദ്ദാക്കാനുള്ള തീരുമാനം രാജ്യം കൈക്കൊണ്ടത്.

അതേസമയം തെക്കന്‍ ലബനനില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയ്യാറായിട്ടില്ല. എന്നിരുന്നാലും സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലും ലബനനും കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ചര്‍ച്ചയുടെ സമയവും സ്ഥലവും ഇരു രാജ്യങ്ങളും ചേര്‍ന്ന് തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.