ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം മെയ് 25 ന് പ്രഖ്യാപിക്കും; പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം മെയ് 25 ന് പ്രഖ്യാപിക്കും; പ്രവേശനോത്സവം ജൂണ്‍ ഒന്നിന്

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പുറത്തുവിടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ 16 ന് ആരംഭിക്കുന്ന എസ്എസ്എല്‍സി മൂല്യനിര്‍ണയ നടപടികള്‍ മെയ് രണ്ട് വരെ തുടരും. തിരഞ്ഞെടുപ്പ് തിരക്കുകളും അവധികളും കാരണമാണ് ഇത്തവണ മൂല്യനിര്‍ണയം തുടങ്ങാന്‍ വൈകിയത്. ഇത്തവണ 4,17,417 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. അനുകൂല സാഹചര്യമല്ലാത്തതിനാല്‍ ഗള്‍ഫ് മേഖലയില്‍ ഇത്തവണ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ റദ്ദ് ചെയ്യേണ്ടി വന്നിരുന്നു.

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. അതേപോലെ സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ പ്രവേശനത്തിനായി കുട്ടികള്‍ക്ക് പ്രവേശന പരീക്ഷകള്‍ നടത്താന്‍ പാടില്ല. വിദ്യാലയങ്ങളിലെ അറ്റകുറ്റപണികള്‍ മെയ് 30 നകം പൂര്‍ത്തിയാക്കണം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കും.

കടുത്ത ചൂട് കണക്കിലെടുത്ത് അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. കാലാവസ്ഥ വളരെ മോശമാണ്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ ജോലി ചെയ്യരുതെന്ന് തൊഴിലാളികള്‍ക്ക് പോലും നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളെ ക്ലാസിലിരുത്തി ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. കുട്ടികള്‍ കളിക്കേണ്ട സമയത്ത് കളിക്കണം. സംസ്ഥാന സിലബസ് അല്ലാത്ത സ്‌കൂളുകള്‍ ക്ലാസുകള്‍ നടത്തിയാലും നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.