അബുജ: നൈജീരിയയിൽ ക്രൈസ്തവർക്കും സഭാംഗങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നതിനിടയിൽ, ബെന്യൂ സംസ്ഥാനത്തെ ഒതുക്പോ കത്തോലിക്കാ രൂപതാ ബിഷപ്പിന്റെ വസതിയിൽ നിന്ന് കെൽവിൻ ഒചായ് എന്ന വൈദികാർഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ളതും സുരക്ഷിതവുമായ മോചനത്തിനായി രൂപത ലോകമെമ്പാടുമുള്ള വിശ്വാസികളോട് ശക്തമായ പ്രാർത്ഥന അഭ്യർത്ഥിച്ചു.
ഒതുക്പോ രൂപതയിലെ ബിഷപ്പിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ജൂലൈ 29 ബുധനാഴ്ചയാണ് വൈദികാർഥിയെ ബലമായി പിടികൂടി കൊണ്ടുപോയതെന്ന് രൂപതാ ചാൻസലർ ഫാ. ജോസഫ് അബോയി ഇറ്റോഡോ ജൂലൈ 31 വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
“ഞങ്ങളുടെ വൈദികാർഥികളിൽ ഒരാളായ കെൽവിൻ ഒചായിയെ തട്ടിക്കൊണ്ടുപോയ വിവരം അങ്ങേയറ്റം ദുഃഖത്തോടെയും ആശങ്കയോടെയും ഞങ്ങൾ അറിയിക്കുന്നു,”
രൂപതയിലെ വൈദികർക്കും സന്യസ്തർക്കും അൽമായ വിശ്വാസികൾക്കുമായി നൽകിയ സന്ദേശത്തിലാണ് ഫാ. ഇറ്റോഡോ ഇക്കാര്യം വ്യക്തമാക്കിയത്. കെൽവിൻ ഒചായിയുടെ സുരക്ഷിത മടങ്ങിവരവിനായി ജപമാല പ്രാർത്ഥനയോടെ ഒത്തൊരുമിക്കാൻ അദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
വൈദികാർഥിയെ തട്ടിക്കൊണ്ടുപോയതിന്റെ കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചോ, മോചനദ്രവ്യത്തിനായി അക്രമികൾ ഇതുവരെ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചോ രൂപത കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസുമായി ചേർന്ന് അദേഹത്തെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമങ്ങൾ തുടരുകയാണ്.
ആയുധധാരികളായ തീവ്രവാദ സംഘങ്ങളുടെ നിരന്തരമായ അക്രമങ്ങൾ, പണത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകൽ, ക്രൈസ്തവ ദേവാലയങ്ങൾക്കും ശുശ്രൂഷകർക്കും എതിരെയുള്ള ആക്രമണങ്ങൾ എന്നിവ കാരണം ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നൈജീരിയയിലെ സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ദുഖ സമയത്ത് കെൽവിൻ ഒചായിക്കായി ഏവരും പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേരണമെന്ന് സഭാ അധികാരികൾ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.