സൂറിച്ച്: ഫിഫയില്‍ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. വിവാദ പദ്ധതിയില്‍ പ്രതിഷേധിച്ച് ഇന്‍ഫാന്റിനോയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് കാര്‍ലോസ് കൊര്‍ഡെയ്‌റോ രാജി സമര്‍പ്പിച്ചു.
യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫ ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ പോരാട്ടങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കൊര്‍ഡെയ്‌റോയുടെ ഈ അപ്രതീക്ഷിത രാജിയെന്നത് ഇന്‍ഫാന്റിനോയ്ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്.
ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസസ് എന്ന പേരില്‍ രൂപീകരിക്കുന്ന സ്ഥാപനത്തിലേക്ക് ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ (40,000 കോടി രൂപ) സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് ഇന്‍ഫാന്റിനോ ലക്ഷ്യമിടുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ.പി മോര്‍ഗന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ നീക്കത്തില്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നറുടെ സഹോദരനായ ജോഷ്വ കുഷ്‌നറുടെ ത്രീവ് എറ്റേണല്‍ അടക്കമുള്ള സ്ഥാപനങ്ങളെയാണ് നിക്ഷേപകരായി പരിഗണിക്കുന്നത്.
തനിക്ക് ഈ നീക്കത്തില്‍ യാതൊരു പങ്കുമില്ലെന്നും ഇത് ഫുട്‌ബോളിന്റെ ഭാവി തന്നെ പണയപ്പെടുത്തുന്ന മോശം ഡീലാണെന്നും രാജിവെച്ച ശേഷം കൊര്‍ഡെയ്‌റോ പ്രതികരിച്ചു. കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ഭദ്രതയും പൂജ്യം കടവുമുള്ള സംഘടനയ്ക്ക് സ്വകാര്യ പങ്കാളിത്തത്തിന്റെ ആവശ്യമില്ലെന്ന് അദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്പിലെ 55 അംഗ രാജ്യങ്ങളും ഇന്‍ഫാന്റിനോയുടെ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരിക്കുകയാണ്. വോട്ടെടുപ്പിലൂടെ ഈ തീരുമാനം അംഗീകരിക്കപ്പെടുകയാണെങ്കില്‍ പുരുഷ-വനിതാ ലോകകപ്പുകള്‍, ക്ലബ് ലോകകപ്പ് തുടങ്ങിയ ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് യുവേഫയുടെ മുന്നറിയിപ്പ്. പദ്ധതി അംഗീകരിക്കപ്പെട്ടാല്‍ അംഗ രാജ്യങ്ങള്‍ക്ക് ഘട്ടം ഘട്ടമായി നല്‍കുന്ന വികസന ഫണ്ട് 190 കോടി രൂപയില്‍ നിന്ന് 230 കോടി രൂപയായി ഉയര്‍ത്തുമെന്ന വാഗ്ദാനവും ഇന്‍ഫാന്റിനോ മുന്നോട്ടുവെച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.