പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കോണ്‍ഗ്രസും സിപിഐയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കോണ്‍ഗ്രസും സിപിഐയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഐയും. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ദൂരദര്‍ശനിലൂടെ സംസാരിച്ചിരുന്നു.

ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ അനില്‍ അക്കരയും രാജ്യസഭയിലെ സിപിഐ നേതാവ് പി. സന്തോഷ് കുമാറുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉള്‍പ്പെടെയുള്ളവ നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ദൂരദര്‍ശനിലൂടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഈ സമയം അദേഹം രാഷ്ട്രീയ പരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്നും അനില്‍ അക്കര പരാതിയില്‍ പറയുന്നു.

പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചിരുന്നു. വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഖാര്‍ഗെയും ചൂണ്ടിക്കാട്ടിയത്.

ഔദ്യോഗിക പ്ലാറ്റ്ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ 59 തവണ പരാമര്‍ശിച്ചുവെന്നും എന്നാല്‍, സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നിരയില്‍ നിന്ന് സിപിഐയും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. രാജ്യസഭയിലെ സിപിഐ നേതാവ് പി. സന്തോഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അഭിസംബോധന ചെയ്ത കത്തില്‍, തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിലെ പെരുമാറ്റച്ചട്ടം ഉന്നയിച്ചു.

പ്രസംഗം രാഷ്ട്രീയപരമായിരുന്നുവെന്നും ഒന്നിലധികം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പക്ഷപാതപരമായ പരാമര്‍ശങ്ങളും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും കത്തില്‍ സിപിഐ നേതാവ് ആരോപിച്ചു. സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും അന്വേഷണം ആരംഭിക്കണമെന്നും ഉത്തരവാദിത്തത്തോടെ നടപടി ഉറപ്പാക്കണമെന്നും സിപിഐ കത്തില്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നത് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള പൊതുജന വിശ്വാസം ദുര്‍ബലപ്പെടുത്തുമെന്നും സിപിഐ മുന്നറിയിപ്പ് നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.