ആ കരുണാർദ്രമായ പുഞ്ചിരി മാഞ്ഞിട്ട് ഒരാണ്ട്; ഫ്രാൻസിസ് പാപ്പയുടെ ഓർമ്മയിൽ റോമിലെ മരിയ മജോറാ ബസിലിക്കയിൽ നാളെ പ്രത്യേക പ്രാർത്ഥനകൾ

ആ കരുണാർദ്രമായ പുഞ്ചിരി മാഞ്ഞിട്ട് ഒരാണ്ട്; ഫ്രാൻസിസ് പാപ്പയുടെ ഓർമ്മയിൽ റോമിലെ മരിയ മജോറാ ബസിലിക്കയിൽ നാളെ പ്രത്യേക പ്രാർത്ഥനകൾ

വത്തിക്കാൻ സിറ്റി: ലളിത ജീവിതത്തിലൂടെയും കരുണാർദ്രമായ വാക്കുകളിലൂടെയും ലോകത്തിന് ക്രിസ്തുവിനെ കാട്ടിക്കൊടുത്ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വർഗ പിതാവിങ്കലേക്ക് യാത്രയായിട്ട് നാളെ ഒരു വർഷം തികയുന്നു. സ്നേഹത്തിന്റെയും എളിമയുടെയും ഇടയനായിരുന്ന അദേഹത്തിന്റെ ഓർമ്മ പുതുക്കാൻ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ദിവ്യബലികളും നടക്കും.

പരിശുദ്ധ മാതാവിനോടുള്ള അഗാധമായ ഭക്തി ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അതുകൊണ്ടുതന്നെ അദേഹം അന്ത്യവിശ്രമം കൊള്ളുന്ന റോമിലെ മരിയ മജോറാ ബസിലിക്കയിലായിരിക്കും പ്രധാന ചടങ്ങുകൾ. റോമൻ ജനതയുടെ രക്ഷകയായ ‘സാലസ് പോപ്പുലി റൊമാനി’ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ അർപ്പിച്ച 126 പ്രാർത്ഥനാ യാത്രകളുടെ സ്മരണയ്ക്കായി അവിടെ പ്രത്യേക സ്മാരക ഫലകം സ്ഥാപിക്കും.‌‌‌

ഏപ്രിൽ 21 ന് വൈകുന്നേരം അഞ്ച് മണിക്ക് വിശ്വാസികൾക്കൊപ്പം ചേർന്ന് നടത്തുന്ന ജപമാല സമർപ്പണത്തോടെ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് ആറ് മണിക്ക് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും ചെയ്യും. നിലവിൽ അജപാലന ദൗത്യത്തിന്റെ ഭാഗമായി ആഫ്രിക്കയിലുള്ള ലിയോ പതിനാലാമൻ മാർപാപ്പ നൽകുന്ന പ്രത്യേക അനുസ്മരണ സന്ദേശം ചടങ്ങിൽ വിശ്വാസികൾക്കായി വായിക്കും.‌

നൂറ്റാണ്ടുകളുടെ പാരമ്പര്യം മാറ്റിനിർത്തി തനിക്ക് ഏറെ പ്രിയപ്പെട്ട മരിയ മജോറാ ബസിലിക്ക തന്റെ അന്ത്യവിശ്രമത്തിനായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്തത് മാതാവിനോടുള്ള അളവറ്റ സ്നേഹത്തിന്റെ അടയാളമായിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് പുറത്ത് അടക്കം ചെയ്യപ്പെട്ട ലളിതനായ ആ പാപ്പയുടെ ശവകുടീരത്തിലേക്ക് നാളെ പ്രാർത്ഥനാ പ്രവാഹം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

പാവപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും ശബ്ദമായിരുന്ന ഫ്രാൻസിസ് പാപ്പ വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ വെച്ച് 2025 ഏപ്രിൽ 21 നാണ് സ്വർ​ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടത്. വത്തിക്കാൻ മീഡിയയിലൂടെ ആഗോള വിശ്വാസികൾക്ക് ഈ പുണ്യനിമിഷങ്ങളിൽ തത്സമയം പങ്കുചേരാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.