മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ എഴുപതിന്റെ നിറവില്‍; സഭാ ആസ്ഥാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ എഴുപതിന്റെ നിറവില്‍; സഭാ ആസ്ഥാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ എഴുപതിന്റെ നിറവില്‍. ഇന്ന് രാവിലെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം ലളിതമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ചടങ്ങില്‍ എഴുപതാം പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കും.

തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ ഔസേപ്പ് ത്രേസ്യ ദമ്പതികളുടെ പത്ത് മക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21 നായിരുന്നു അദേഹത്തിന്റെ ജനനം. 1980 ഡിസംബര്‍ 21 ന് തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

തൃശൂര്‍ അതിരൂപതയുടെ വൈസ് ചാന്‍സലറായും കുണ്ടുകുളം പിതാവിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദേഹം മതബോധന കേന്ദ്രം ഡയറക്ടര്‍, അതിരൂപത ചാന്‍സലര്‍, മേരിമാതാ മേജര്‍ സെമിനാരിയുടെ പ്രഥമ റെക്ടര്‍, തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ എന്നീ മേഖലകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2010 ഏപ്രില്‍ 10 ന് അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായി. 'വിഭജിക്കപ്പെടാനും പങ്കുവെക്കപ്പെടാനും' എന്നതായിരുന്നു മാര്‍ റാഫേല്‍ തട്ടിലിന്റെ ആപ്ത വാക്യം.

2014 ല്‍ ഇന്ത്യയിലെ മറ്റൊരു സീറോ മലബാര്‍ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും 2017 ല്‍ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാന്‍സിസ് മാര്‍പാപ്പ തട്ടില്‍ പിതാവിനെ നിയമിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ച സാഹചര്യത്തിലാണ് സീറോമലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 11 നായിരുന്നു സ്ഥാനാരോഹണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.