മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയന്‍; തിരുവനന്തപുരത്തെ താമസം ഇനി ചിന്താ ഫ്‌ളാറ്റില്‍

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി വിജയന്‍; തിരുവനന്തപുരത്തെ താമസം ഇനി ചിന്താ ഫ്‌ളാറ്റില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത പരാജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്തിയ അദേഹത്തോട് 'എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ' എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പ്രതികരിച്ചില്ല.

തിരുവനന്തപുരത്ത് എത്തിയ ശേഷവും പിണറായി വിജയന്‍ മാധ്യമങ്ങളോട് സംസാരിച്ചില്ല. ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ അരികിലേക്ക് എത്തിയെങ്കിലും ചെറു പുഞ്ചിരിയോടെ കൈവീശി അഭിവാദ്യം ചെയ്തതല്ലാതെ ഒന്നും പ്രതികരിക്കാന്‍ അദേഹം തയ്യാറായില്ല.

തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച പിണറായി വിജയന്‍ എകെജി സെന്ററില്‍ നിന്ന് എത്തിച്ച വാഹനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് പോയത്. പാര്‍ട്ടി ഓഫീസിലെ ഡ്രൈവറാണ് കാറുമായി എത്തിയത്.

പൊലീസ് അകമ്പടിയും പിണറായി വേണ്ടെന്ന് വച്ചു. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവ രണ്ടും വേണ്ടെന്ന് പിണറായി വിജയന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തോടൊപ്പമാണ് പിണറായി വിജയന്‍ തിരുവനന്തപുരത്ത് എത്തിയത്. സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടി, എ.എ റഹീം, വി. ജോയ് എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി.

അതിനിടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ നിന്ന് ഒഴിയുന്ന പിണറായി വിജയന് താമസിക്കാന്‍ ചിന്താ ഫ്ളാറ്റില്‍ പാര്‍ട്ടി മുറി അനുവദിച്ചു. ചിന്താ ഫ്ളാറ്റ് സമുച്ഛയത്തിലെ 3എ, 3ബി ഫ്ളാറ്റുകളാണ് പിണറായിക്ക് അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.