മുസ്ലീം ലീഗിന്റെ പിന്തുണ വി.ഡി സതീശന്; എഐസിസി നിരീക്ഷകരെ നേരിട്ട് നിലപാടറിയിച്ച് ലീഗ് നേതൃത്വം

മുസ്ലീം ലീഗിന്റെ പിന്തുണ വി.ഡി സതീശന്;  എഐസിസി നിരീക്ഷകരെ നേരിട്ട് നിലപാടറിയിച്ച് ലീഗ് നേതൃത്വം

'കണ്ണേ കരളേ വി.ഡി.എസേ... മുത്തേ മുത്തേ മണി മുത്തേ'; സതീശനായി നാടെങ്ങും പ്രകടനം.

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ നിലപാട് എഐസിസി നിരീക്ഷകരെ നേരിട്ട് അറിയിച്ച് മുസ്ലീം ലീഗ് നേതൃത്വം. ജനവികാരം വി.ഡി സതീശന് അനൂകൂലമാണെന്നും സതീശന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

പൊതുജന വികാരം നോക്കി വേണം തീരുമാനമെടുക്കാനെന്നും എംഎല്‍എമാരുടെ അഭിപ്രായത്തിനൊപ്പം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിക്കണമെന്നും ലീഗ് നേതൃത്വം അഭ്യര്‍ത്ഥിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.എം.എ സലാം, ഹാരിസ് ബീരാന്‍ എന്നിവരാണ് എഐസിസി നിരീക്ഷകരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയത്.

പാര്‍ട്ടിയുടെ അഭിപ്രായം അറിയിച്ചെന്നും കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.

വി.ഡി സതീശനൊപ്പം നിലയുറപ്പിക്കുന്ന ലീഗ് നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ.സി വേണുഗോപാല്‍ അനുകൂലിയായ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. പിന്നാലെ മാത്യുവിനെ വിമര്‍ശിച്ച് 'കുഴല്‍നാടന്റെ കുഴലൂത്ത് ലീഗിന് നേരെ വേണ്ട' എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡ് യൂത്ത് ലീഗ് കണ്ണൂര്‍ ഇരിക്കൂരില്‍ സ്ഥാപിച്ചു.

അതിനിടെ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികള്‍ തെരുവിലിറങ്ങി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. എറണാകുളത്ത് നെട്ടൂരിലായിരുന്നു ആദ്യ പ്രകടനം നടന്നത്. അതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ജില്ലയായ കണ്ണൂരിലടക്കം സതീശന്‍ അനുകൂലികള്‍ പ്രകടനം നടത്തുന്നുണ്ട്.

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തെരുവിലറങ്ങിയത്. സതീശന്റെ കൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡും പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്നാണ് പോസ്റ്റര്‍. മറ്റാര് മുഖ്യമന്ത്രിയായാലും അംഗീകരിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

'കണ്ണേ കരളേ വി.ഡി.എസേ... മുത്തേ മുത്തേ മണി മുത്തേ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന ചതിയാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

നിലപാട് എടുക്കുന്നവനെയാകണം മുഖ്യമന്ത്രിയാക്കേണ്ടത്. പണിയെടുത്തവനാണ് കൂലി കൊടുക്കേണ്ടത്. ജനവികാരം മാനിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.