കെ.സി വേണുഗോപാലിന് എംഎല്‍എമാരുടെ പിന്തുണ: പുറത്തു വന്ന ചിത്രത്തിന്റെ ആധികാരികതയില്‍ സംശയമേറുന്നു

കെ.സി വേണുഗോപാലിന്  എംഎല്‍എമാരുടെ പിന്തുണ: പുറത്തു വന്ന ചിത്രത്തിന്റെ ആധികാരികതയില്‍ സംശയമേറുന്നു

കൊച്ചി: മുഖ്യമന്ത്രി ചര്‍ച്ചയില്‍ എംഎല്‍എമാരില്‍ ഭൂരിപക്ഷവും കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്ന് വ്യക്തമാക്കി പുറത്തു വന്ന ചിത്രത്തിന്റെ ആധികാരികതയില്‍ സംശയമേറുന്നു. വെറും വെള്ള പേപ്പറില്‍ എംഎല്‍എമാരുടെ പേരിന് നേര്‍ക്ക് 'കെസി' എന്ന് മാത്രമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

ഇക്കാര്യത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രംഗത്തെത്തി. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താന്‍ ഹൈക്കമാന്റ് തീരുമാനത്തിനായി വിടുകയായിരുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.

എല്ലാവരെയും വിളിച്ച് സമന്വയത്തില്‍ എത്തിക്കണം എന്നാണ് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായി നിരീക്ഷകര്‍ സംസാരിക്കും. ആവശ്യമെങ്കില്‍ ഡല്‍ഹിയിലേക്ക് ക്ഷണിക്കും. എത്രയും വേഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.

പ്രകടനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്തിരിയണം. പ്രകടനം നടത്തിയതുകൊണ്ട് കാര്യമല്ല. പേരാവൂരില്‍ അടക്കം പ്രകടനം നടത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. വലിയ വിജയത്തിന്റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്നായിരുന്നു ഒരു ദേശീയ മാധ്യമം പുറത്തു വിട്ട ചിത്രത്തിലുള്ളത്. എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രവും ഇതോടൊപ്പമുണ്ട്.

എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണിതെന്നാണ് പത്രം അവകാശപ്പെടുന്നത്. എന്നാല്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ഇക്കാര്യം  നിഷേധിച്ചു.

മാത്രമല്ല കാസര്‍കോഡ് ഉദുമയില്‍ നിന്ന് ജയിച്ച കെ.നീലകണ്ഠന്റെ പേരിന് നേരെയുള്ള കോളത്തില്‍ ഒന്നും അടയാളപ്പെടുത്തിയിട്ടില്ല. താന്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയതാണെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും കെ.നീലകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.