സസ്‌പെന്‍സ് ഒഴിയാതെ തമിഴകം: വിജയിയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവന്‍; ശനിയാഴ്ചത്തെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

സസ്‌പെന്‍സ് ഒഴിയാതെ തമിഴകം: വിജയിയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവന്‍; ശനിയാഴ്ചത്തെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന വിജയ്‌യുടെ അവകാശവാദം തള്ളി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇതോടെ ശനിയാഴ്ചത്തെ സത്യപ്രതിജ്ഞയില്‍ അവ്യക്തത തുടരുകയാണ്. 118 പേരുടെ പിന്തുണ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു. വിജയ് കൈമാറിയത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണെന്നും സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് തീവ്ര ശ്രമം നടക്കുകയാണ്. വിസികെയുടെയും മുസ്ലീം ലീഗിന്റെയും കത്ത് ലോക്ഭവനില്‍ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടില്‍ അവ്യക്തതയുണ്ട്. അതേസമയം പിന്തുണ കത്ത് നല്‍കാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും ലീഗിന്റെയും നിലപാടില്‍ തുടരുന്ന അവ്യക്തതയാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍ ആകാന്‍ കാരണമെന്നാണ് സൂചന.

അതേസമയം സെക്രട്ടറിയേറ്റില്‍ സത്യപ്രതിജ്ഞക്കായുള്ള ക്ഷണക്കത്തിന്റെ മാതൃക തയാറായി. ഗവര്‍ണര്‍ സമയം അനുവാദിക്കാത്തതിനാല്‍ അച്ചടിക്ക് വിടാനാകാത്ത സാഹചര്യം തുടരുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ശനിയാഴ്ച 11 ന് നെഹ്റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ തീരുമാനിച്ചിരുന്നത്.

തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശ വാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയാണ് ഗവര്‍ണറെ കാണാന്‍ വിജയ് ലോക്ഭവനിലെത്തിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എംഎല്‍എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്നാം വട്ടം എത്തിയത്. ഇതിന് ശേഷമാണ് ലോക്ഭവന്‍ സത്യപ്രതിജ്ഞയ്ക്കുള്ള അനുവാദം നല്‍കിയത്.

108 എംഎല്‍എമാരുള്ള ടിവികെയ്ക്ക് കോണ്‍ഗ്രസ് അഞ്ച്, സിപിഎം രണ്ട്, സിപിഐ രണ്ട്, മുസ്ലീം ലീഗ് രണ്ട്, വിസികെ ഒന്ന് എന്നിങ്ങനെയാണ് പിന്തുണ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.