ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനം നിരോധിക്കാന്‍ നീക്കം: സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി കമ്പനികളും സംഘടനകളും

ഡല്‍ഹിയില്‍ പെട്രോള്‍ ഇരുചക്ര വാഹനം നിരോധിക്കാന്‍ നീക്കം: സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി കമ്പനികളും സംഘടനകളും

ന്യൂഡല്‍ഹി: 2028 ഏപ്രില്‍ മുതല്‍ ഡല്‍ഹിയില്‍ പുതിയ പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ നീക്കം. സര്‍ക്കാര്‍ നീക്കത്തിനെതിരെ വാഹന നിര്‍മാതാക്കളും അനുബന്ധ സംഘടനകളും രംഗത്ത്. തീരുമാനം നടപ്പിലാക്കിയാല്‍ സാധാരണക്കാരായ 65 ശതമാനം ഉപയോക്താക്കളെയും അത് പ്രതികൂലമായി ബാധിക്കുമെന്നും ചൈനയെ അമിതമായി ആശ്രയിക്കേണ്ടി വരുമെന്നും വ്യവസായ ലോകം മുന്നറിയിപ്പ് നല്‍കുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2.0 പ്രകാരം 2028 ഏപ്രില്‍ മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. സമാനമായി 2027 ജനുവരി മുതല്‍ സിഎന്‍ജി ഓട്ടോകളും നിരോധിക്കാനാണ് നീക്കം. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവരില്‍ 65 ശതമാനവും സാധാരണക്കാരാണ്. പലരും ഉപജീവനത്തിനായി ഈ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡെലിവറി തൊഴിലാളികള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് നിലവിലെ ഇവി സാങ്കേതിക വിദ്യ പെട്രോള്‍ എന്‍ജിനുകളോട് കിടപിടിക്കുന്ന റേഞ്ചോ, ലോഡ് കപ്പാസിറ്റിയോ നല്‍കുന്നില്ല.

കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്കും മോട്ടോറുകള്‍ക്കും ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ നിയന്ത്രണം 90 ശതമാനവും ചൈനയുടെ കൈവശമാണ്. നിര്‍ബന്ധിതമായി ഇവികളിലേക്ക് മാറുന്നതോടെ ചൈനയുടെ നിയന്ത്രണങ്ങള്‍ക്ക് ഇന്ത്യ വഴങ്ങേണ്ടി വരുമെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അതേപോലെ ഡല്‍ഹിയിലെ ഏകദേശം 10,000 മെക്കാനിക്കുകള്‍ക്കും 300 വര്‍ക്ക് ഷോപ്പുകള്‍ക്കും പെട്ടെന്നുള്ള ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇവികള്‍ക്ക് ആവശ്യമായ അത്യാധുനിക ഡയഗ്‌നോസ്റ്റിക് സോഫ്റ്റ്വെയറുകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഇത് ഈ മേഖലയിലെ വ്യാപകമായ തൊഴിലില്ലായ്മയ്ക്ക് കാരണമാകും.

അതേസമയം ഇന്ത്യയിലെ വൈദ്യുതിയുടെ 71 ശതമാനവും കല്‍ക്കരി ഉപയോഗിച്ചാണ് ഉല്‍പാദിപ്പിക്കുന്നത്. അതിനാല്‍ ഇവികള്‍ ഉപയോഗിക്കുമ്പോഴും മറ്റൊരിടത്ത് വലിയ തോതില്‍ കാര്‍ബണ്‍ പുറന്തള്ളപ്പെടുന്നുണ്ടെന്നും വ്യവസായ സംഘടനയായ സിയാം (SIAM) വ്യക്തമാക്കി. പെട്ടെന്ന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം ചാര്‍ജിങ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സബ്സിഡികള്‍ നല്‍കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

കരട് നയത്തിന്മേലുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സമയം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.