കെയ്‌റോ: സോഷ്യൽ മീഡിയയിലൂടെ ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് ഈജിപ്ഷ്യൻ അധികൃതർ കോപ്റ്റിക് ക്രൈസ്തവ യുവാവിന് അഞ്ച് വർഷത്തെ കഠിന തടവ് വിധിച്ചു. അഗസ്റ്റിനോസ് സമൻ എന്ന യുവാവിനെതിരെയാണ് മതനിന്ദാ നിയമങ്ങൾ ചുമത്തി ഈജിപ്ഷ്യൻ കോടതി കടുത്ത ശിക്ഷാവിധി പുറപ്പെടുവിച്ചത്.
ലക്ഷത്തിലധികം വരിക്കാരുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ ക്രൈസ്തവ വിശ്വാസത്തെ സാധൂകരിക്കുന്ന വീഡിയോകൾ പ്രസിദ്ധീകരിച്ചതാണ് അഗസ്റ്റിനോസിനെതിരെയുള്ള കുറ്റം. 2025 ഒക്ടോബറിൽ അറസ്റ്റിലായ ഇദ്ദേഹത്തിന് നേരെ മതനിന്ദാ നിയമങ്ങളാണ് അധികൃതർ ആയുധമാക്കിയത്. എന്നാൽ ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് ആഗോള മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
അഗസ്റ്റിനോസിനെതിരെയുള്ള വിചാരണ നടപടികളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി മനുഷ്യാവകാശ സംഘടനയായ എഡിഎഫ് ഇന്റർനാഷണൽ വെളിപ്പെടുത്തി. വാദം കേൾക്കൽ നടന്ന വിവരം പ്രതിഭാഗം അഭിഭാഷകരെ അറിയിച്ചില്ലെന്ന് മാത്രമല്ല, കേസ് ഫയലുകൾ പരിശോധിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു. 2026 ജനുവരി മൂന്നിന് കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതിയും ശരിവച്ചു. നിലവിൽ എഡിഎഫ് ഇന്റർനാഷണലിന്റെ പിന്തുണയോടെ മറ്റൊരു അപ്പീൽ കൂടി ഫയൽ ചെയ്തിരിക്കുകയാണ്.
അഗസ്റ്റിനോസിന്റെ കേസ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് എഡിഎഫ് ഇന്റർനാഷണലിന്റെ ആഗോള മതസ്വാതന്ത്ര്യ ഡയറക്ടർ കെൽസി സോർസി പറഞ്ഞു. 2025 ഓഗസ്റ്റ് മുതൽ മതപരമായ ഉള്ളടക്കങ്ങൾ പങ്കുവച്ചതിന്റെ പേരിൽ ഈജിപ്തിൽ നിരവധി പേരെയാണ് ഭരണകൂടം നിരീക്ഷിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നത്. സോഷ്യൽ മീഡിയയിലെ മതപരമായ അഭിപ്രായ പ്രകടനങ്ങൾ ക്രിമിനൽ കുറ്റമാക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.