ന്യൂഡല്‍ഹി: വിദേശ വിനോദസഞ്ചാര കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ഹന്റാവൈറസ് സ്ഥിരീകരിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്ത്യയില്‍ നിലവില്‍ പൊതുജനാരോഗ്യ ഭീഷണിയില്ലെന്നും വ്യക്തമാക്കി ഐസിഎംആര്‍.
കോവിഡ് 19 പോലെ ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരില്ല. പ്രധാനമായും എലികള്‍, മറ്റ് കരണ്ടുതീനികള്‍ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. ഇവയുടെ വിസര്‍ജ്യങ്ങള്‍, സ്രവങ്ങള്‍ എന്നിവയുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുണ്ടാകുന്നത് വഴിയാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നത്. കഠിനമായ പനി, ശരീരവേദന, തലവേദന, ക്ഷീണം, വിറയല്‍, ഓക്കാനം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വൈറസ് ബാധിച്ച് ഒന്ന് മുതല്‍ അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
ആര്‍ടിപിസിആര്‍ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകും. ഇതിനായി ഇന്ത്യയില്‍ 165 ലാബുകള്‍ സജ്ജമാണെന്ന് ഐസിഎംആര്‍ അറിയിച്ചു. സമൂഹ വ്യാപനത്തിന് നിലവില്‍ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കപ്പലുകള്‍, വെയര്‍ഹൗസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണം. ശുചിത്വം ഉറപ്പാക്കുന്നതും എലികളെ നശിപ്പിക്കുന്നതുമാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍.
കാലാവസ്ഥാ വ്യതിയാനവും മാലിന്യ സംസ്‌കരണത്തിലെ പോരായ്മകളും എലികള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.