കാലിഫോർണിയ: ആഡംബരങ്ങളുടെയും പണക്കൊഴുപ്പിന്റെയും ലോകത്തുനിന്ന് ആത്മീയതയുടെ പാതയിലേക്ക് ചുവടുമാറ്റി ലോകപ്രശസ്ത കോസ്‌മെറ്റിക് ബ്രാൻഡായ ഇ.ഐ.എഫ് കോസ്മെറ്റിക്സ് സഹ സ്ഥാപകൻ സ്കോട്ട് ബോർബ. ഡീക്കൻ സ്കോട്ട് ബോർബ 2026 മെയ് 23 ന് കാലിഫോർണിയയിലെ ഫ്രെസ്നോ രൂപതയിൽ വെച്ച് വൈദികനായി അഭിഷിക്തനാകും.
മോഡൽ, നടൻ, ഗായകൻ, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയ ബോർബ തന്റെ 42-ാം വയസിലാണ് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് ക്രിസ്തുവഴി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ദൈവം തനിക്ക് നൽകിയ എല്ലാ സമ്പത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്ത ശേഷമാണ് അദേഹം സെമിനാരിയിൽ ചേർന്നത്.
"ഹോളിവുഡ് ജീവിതശൈലി എന്നെ പൂർണമായും വലിച്ചെടുത്തിരുന്നു. ആഡംബരങ്ങളുടെ പോസ്റ്റർ ബോയ് ആയിരുന്നു ഞാൻ. എന്നെത്തന്നെ ആരാധിക്കുന്ന സ്വാർത്ഥമായ ഒരു ജീവിതമായിരുന്നു അത്. ഒരു ഘട്ടത്തിൽ എന്റെ ആത്മാവിനെത്തന്നെ ഞാൻ വിൽക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി."- ബോർബ പറഞ്ഞു.
തന്റെ കുടുംബത്തിന്റെ വർഷങ്ങൾ നീണ്ട പ്രാർത്ഥനയാണ് തന്റെ മനംമാറ്റത്തിന് പിന്നിലെന്ന് അദേഹം വിശ്വസിക്കുന്നു. ഒരിക്കൽ വിശുദ്ധ കുർബാനയ്ക്കിടെ അൾത്താരയിലേക്ക് നോക്കിയപ്പോൾ വൈദികന്റെ വസ്ത്രങ്ങൾ തിളങ്ങുന്നതായി തനിക്ക് അനുഭവപ്പെട്ടെന്നും അന്നാണ് ദൈവം തന്നെ വൈദികവൃത്തിയിലേക്ക് വിളിക്കുന്നത് തിരിച്ചറിഞ്ഞതെന്നും ബോർബ പറഞ്ഞു.
തന്റെ വിളിയെ ഉറപ്പിച്ചത് പരിശുദ്ധ മറിയത്തിന്റെ പ്രാർത്ഥനകളാണെന്ന് ഡീക്കൻ ബോർബ സാക്ഷ്യപ്പെടുത്തുന്നു. "സ്വർഗഗ്ഗത്തിന് വേണ്ടിയാണ് നാം ജീവിക്കേണ്ടതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ലോകം തന്നതിനേക്കാൾ വലിയ സന്തോഷവും സമാധാനവുമാണ് ഇപ്പോൾ എനിക്ക് ലഭിക്കുന്നത്. എന്റെ ജീവിതത്തിൽ ഇതിനുമുമ്പ് ഇത്രയേറെ സന്തോഷം ഞാൻ അനുഭവിച്ചിട്ടില്ല," അദേഹം കൂട്ടിച്ചേർത്തു.
മെയ് 23 ന് നടക്കുന്ന തിരുപ്പട്ട സ്വീകരണത്തോടെ, സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ബിസിനസ് പ്രമുഖൻ ഇനി വിശ്വാസികളുടെ ആത്മീയ പിതാവായി പുതിയൊരു യാത്ര തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.