കന്യാമറിയത്തിന്റെ രൂപത്തെ അപമാനിച്ച് ഇസ്രയേലി സൈനികൻ; കടുത്ത പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവ്

കന്യാമറിയത്തിന്റെ രൂപത്തെ അപമാനിച്ച് ഇസ്രയേലി സൈനികൻ; കടുത്ത പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവ്

ടെൽ അവീവ്: തെക്കൻ ലബനനിലെ ക്രൈസ്തവ ഗ്രാമത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തെ ഇസ്രയേലി സൈനികൻ അപമാനിച്ച സംഭവം വലിയ വിവാദമാകുന്നു. ലബനൻ അതിർത്തിയോട് ചേർന്ന ഡെബെൽ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കന്യാമാതാവിന്റെ രൂപത്തിന്റെ ചുണ്ടിൽ സിഗരറ്റ് വെച്ച് വികൃതമാക്കാൻ ശ്രമിക്കുന്ന സൈനികന്റെ ചിത്രം പുറത്തു വന്നതോടെയാണ് പ്രതിഷേധം കടുത്തത്.

ഇസ്രയേലി സൈനികർ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് പകർത്തിയ ചിത്രമാണിതെന്ന് കരുതപ്പെടുന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സൈനികന്റെ ഈ പ്രവർത്തിക്കെതിരെ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിൽ നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്.

സൈനികന്റെ നടപടി ഇസ്രയേലിന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് സൈനിക വക്താവ് പ്രതികരിച്ചു. സംഭവത്തിൽ ഔദ്യോഗികമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സൈന്യം അറിയിച്ചു.

ഡെബെൽ ഗ്രാമത്തിൽ തന്നെ മുൻപും സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. ഇസ്രയേലി സൈനികർ ക്രൂശിത രൂപം കൂടം ഉപയോഗിച്ച് തകർക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിൽ കുറ്റക്കാരായ രണ്ട് സൈനികർക്ക് 30 ദിവസത്തെ ജയിൽ ശിക്ഷ നൽകിയതായി സൈന്യം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജറൂസലമിൽ കന്യാസ്ത്രീക്ക് നേരെ പട്ടാപ്പകൽ ആക്രമണമുണ്ടായതും വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ക്രൈസ്തവ പുണ്യ സ്ഥലങ്ങൾക്കും ചിഹ്നങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.