ചോദ്യ പേപ്പര്‍ ചോര്‍ച്ച; നീറ്റ് പരീക്ഷ റദ്ദാക്കി: സിബിഐ അന്വേഷണത്തിന് ഉത്തരവ്

ചോദ്യ പേപ്പര്‍ ചോര്‍ച്ച; നീറ്റ് പരീക്ഷ റദ്ദാക്കി: സിബിഐ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ മെയ് മൂന്നിന് നടന്ന നീറ്റ് യു.ജി 2026 പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. വീണ്ടും പരീക്ഷ നടത്താന്‍ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്. ഇത്രയും വിദ്യാര്‍ഥികളെ ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടു.

മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങള്‍ യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളില്‍ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാന്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാല്‍ ബന്‍സാല്‍ അറിയിച്ചിരുന്നു.

ആകെ 180 ചോദ്യങ്ങളാണ് നീറ്റ് യുജിക്കുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ നിന്ന് 45 വീതം ചോദ്യങ്ങള്‍. ഇത്തരത്തില്‍ നാല് സെറ്റ് ചോദ്യക്കടലാസുകളാണ് ഉപയോഗിക്കുന്നത്.

വാട്‌സാപ്പിലും മറ്റും ചോദ്യങ്ങള്‍ പ്രചരിച്ചിരുന്നതായി രാജസ്ഥാന്‍ പൊലീസിന് ഏതാനും ദിവസം മുന്‍പു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.