കാഠ്മണ്ഡു: നേപ്പാളിലേക്ക് വരുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് നേപ്പാള്‍. ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം കുറയ്ക്കാന്‍ രാജ്യം ശ്രമിക്കുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി.
അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടില്ല. നിലവിലുള്ള സംവിധാനത്തില്‍ മാറ്റമില്ലാതെ യാത്ര തുടരാം. രാജ്യത്ത് താമസിക്കാനുള്ള അനുവാദം 30 ദിവസമാക്കി ചുരുക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടു എന്ന റിപ്പോര്‍ട്ടുകളും ബോര്‍ഡ് നിഷേധിച്ചു. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് നേപ്പാള്‍ എന്നും സുരക്ഷിതവും സൗഹൃദപരവുമായ രാജ്യമായിരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാലമായുള്ള തുറന്ന അതിര്‍ത്തി സംവിധാനത്തിലോ ഉഭയകക്ഷി ധാരണകളിലോ മാറ്റം വരുത്തിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സാംസ്‌കാരിക ഇഴയടുപ്പവും ടൂറിസം സഹകരണവും മാറ്റമില്ലാതെ തുടരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
സ്വകാര്യ വാഹനങ്ങളില്‍ റോഡ് മാര്‍ഗം നേപ്പാളില്‍ എത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്കും മറ്റ് അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കും യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. ധനമന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റംസ് വകുപ്പ് വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം വഴി, നേപ്പാളിലേക്ക് പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക എന്‍ട്രി പെര്‍മിറ്റുകളും നികുതി പേയ്മെന്റുകളും പൂര്‍ണമായും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ കഴിയും.
നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും അതിര്‍ത്തിയിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കാനും വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.