ഹിമന്ത ബിശ്വ ശര്‍മ വീണ്ടും 'അസമിന്റെ അധികാരി'; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹിമന്ത ബിശ്വ ശര്‍മ വീണ്ടും 'അസമിന്റെ അധികാരി'; മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ വീണ്ടും അധികാരമേറ്റു. തുടര്‍ച്ചയായി മൂന്നാം തവണയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ഹിമന്ത രണ്ടാം പ്രാവശ്യമാണ് അസമിന്റെ മുഖ്യമന്ത്രിയാകുന്നത്.

ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളജ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍, എന്‍ഡിഎ മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

126 അംഗ അസം നിയമസഭയില്‍ 102 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം മൂന്നാം തവണയും അധികാരം നിലനിര്‍ത്തിയത്. ഇതില്‍ ബിജെപി തനിച്ച് 82 സീറ്റുകള്‍ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും 10 സീറ്റുകള്‍ വീതം നേടി.

മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎല്‍എയുമായ അതുല്‍ ബോറ, ബിപിഎഫിന്റെ പ്രതിനിധിയായി ചരണ്‍ ബോറോ, മുന്‍ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ രാമേശ്വര്‍ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎല്‍എയുമായ അജന്ത നിയോഗ് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

മുതിര്‍ന്ന ബിജെപി നേതാവ് രഞ്ജിത് കുമാര്‍ ദാസ് അസം നിയമസഭയുടെ പുതിയ സ്പീക്കറാകുമെന്നാണ് വിവരം. നേരത്തെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.