എം. വിന്‍സെന്റിനെ തഴഞ്ഞതില്‍ കടുത്ത അമര്‍ഷം; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ലത്തീന്‍ സഭ

എം. വിന്‍സെന്റിനെ തഴഞ്ഞതില്‍ കടുത്ത അമര്‍ഷം; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ലത്തീന്‍ കത്തോലിക്കാ സഭ. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരസ്യമായ പിന്തുണ നല്‍കിയിട്ടും തങ്ങള്‍ക്ക് മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സമുദായത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നാല് എംഎല്‍എമാരാണ് വിജയിച്ചത്. എം. വിന്‍സെന്റ്, ടി.ജെ വിനോദ്, ടോണി ചമ്മിണി, എ.ഡി തോമസ്. ഇത്രയും മികച്ച വിജയം സമുദായം കോണ്‍ഗ്രസിന് സമ്മാനിച്ചിട്ടും മന്ത്രിസഭയില്‍ ലത്തീന്‍ വിഭാഗത്തിന് ഒരു പ്രതിനിധിയെപ്പോലും ഉള്‍പ്പെടുത്താത്തതാണ് സഭയുടെ എതിര്‍പ്പിന് കാരണം.

സമുദായത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മികച്ച പാര്‍ലമെന്റേറിയനുമായ എം. വിന്‍സെന്റിനെ മന്ത്രിയാക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാമുദായിക സമവാക്യങ്ങളുടെ പേര് പറഞ്ഞ് അദേഹത്തെ തഴയുകയായിരുന്നുവെന്നാണ് വിമര്‍ശനം. സമുദായത്തെ കോണ്‍ഗ്രസ് പൂര്‍ണമായും വഞ്ചിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തീരദേശ മേഖലയുമായി വൈകാരികമായും ജീവനായും അടുത്ത് നില്‍ക്കുന്ന ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നല്‍കിയതിലും സഭാ നേതൃത്വം കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന സമുദായത്തില്‍ നിന്നുള്ള ഒരാള്‍ക്ക് ഈ വകുപ്പ് നല്‍കണമെന്നായിരുന്നു ലത്തീന്‍ സഭയുടെ ആവശ്യം.

മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് പരമ്പരാഗത വോട്ട് ബാങ്കായ ലത്തീന്‍ സഭ പരസ്യമായ അതൃപ്തിയോടെ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് പുതിയ സര്‍ക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സഭയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വം അടിയന്തര ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.