തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാന്‍ 'ഓപ്പറേഷന്‍ തുഫാന്‍' എന്ന പേരില്‍ പുതിയ പദ്ധതി ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് വളരെ വലിയ തോതില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെയാണ് ഇത്തരം സംഘങ്ങള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ 'ഓപ്പറേഷന്‍ തൂഫാന്‍, നാര്‍ക്കോ ഹണ്ട്' എന്ന പേരില്‍ ഓപ്പറേഷന്‍ ആരംഭിക്കുകയാണ്.
കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കാനാണ് ഈ ഓപ്പറേഷന്‍. ജനങ്ങളുടെ ശ്രദ്ധയില്‍ വരുന്ന ഏതൊരു സംഭവവും തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള വലിയൊരു ഓപ്പറേഷനാണിത്.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ഇത് ആരംഭിക്കും. കേരളത്തിലെ ഡിജിപി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും ബന്ധപ്പെടും. സിന്തറ്റിക് ഡ്രഗ്സ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കേരളത്തിലേക്ക് വരുന്ന സംസ്ഥാനങ്ങളുമായും ബന്ധപ്പെടും. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിയമത്തെ വെല്ലുവിളിക്കുന്നവരെ വെറുതെ വിടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ജനമൈത്രി പൊലീസ് ശക്തിപ്പെടുത്തും. സ്റ്റുഡന്‍സ് പൊലീസിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടു വരും.
പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിശീലനം നല്‍കും. സൈബര്‍ കുറ്റകൃത്യം ഗൗരവത്തോടെ കാണുന്നു. സാങ്കേതികമായ പരിമിതികള്‍ ഉണ്ട്. സൈബര്‍ ക്രൈം നേരിടുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ കൊണ്ട് വരും. മുന്‍പുണ്ടായിരുന്ന ഓപ്പറേഷന്‍ കുബേരയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കുന്നതില്‍ പഠനം നടത്തും. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് പഠന ചുമതല. റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. ഒരു പാര്‍ട്ടിക്കാരും പൊലീസുകാരെ ഭീഷണിപ്പെടുത്തരുത്. അങ്ങനെ ചെയ്താല്‍ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.