‘ഇത്ര ഭയക്കുന്നത് എന്തിന്?’ കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും കേന്ദ്ര സർക്കാർ പൂട്ടിച്ചതായി ആരോപണം

‘ഇത്ര ഭയക്കുന്നത് എന്തിന്?’ കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും കേന്ദ്ര സർക്കാർ പൂട്ടിച്ചതായി ആരോപണം

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) ഔദ്യോഗിക വെബ്‌സൈറ്റ് കേന്ദ്ര സർക്കാർ പൂട്ടിപ്പിച്ചതായി ആരോപണം. പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദീപ്കെയാണ് കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്ത് ലക്ഷത്തോളം ആളുകൾ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള വെബ്‌സൈറ്റിലേക്ക് ഇപ്പോൾ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

ഇതു സംബന്ധിച്ച് അഭിജീത് ദീപ്കെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചതിങ്ങനെ

"കേന്ദ്ര സർക്കാർ ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് നീക്കം ചെയ്ത വിവരം നിങ്ങളെ അറിയിക്കുകയാണ്. നമ്മുടെ വെബ്സൈറ്റിൽ പത്ത് ലക്ഷത്തോളം 'കോക്ക്രോച്ചുകൾ' (അംഗങ്ങൾ) രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. അതിനു പുറമെ രാജ്യത്തെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ പെറ്റീഷനിൽ ആറ് ലക്ഷത്തോളം പേർ ഒപ്പുവെക്കുകയും ചെയ്തിരുന്നു."

"വെറുമൊരു കോക്ക്രോച്ചുകളെ സർക്കാർ ഇത്രയധികം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? മികച്ച ഒരു ഭാവി ഇന്ത്യയിലെ യുവാക്കൾ ആവശ്യപ്പെട്ടതാണോ ഇവിടെ കുറ്റം? ഭരണകൂടത്തിന്റെ ഈ ഏകാധിപത്യപരമായ പെരുമാറ്റം രാജ്യത്തെ യുവാക്കളുടെ കണ്ണുതുറപ്പിക്കും," എന്നും അഭിജീത് കൂട്ടിച്ചേർത്തു.

കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന രണ്ടാമത്തെ വലിയ നടപടിയാണിത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിന് കേന്ദ്ര സർക്കാർ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.

അക്കൗണ്ട് തടഞ്ഞുവെക്കാൻ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു എക്സിന്റെ നടപടി. ഇതിനെ മറികടക്കാൻ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ അക്കൗണ്ടുമായാണ് ഇവർ വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വെബ്‌സൈറ്റും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.